1470-490

കോറോണയ്ക്കിടയിൽ ഡെങ്കിപ്പനിയും….

കോവിഡിനൊപ്പം ഡെങ്കിപ്പനിയ്ക്കെതിരെയും
കവചം തീർക്കാം

കോവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ഡെങ്കിപ്പനിക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീന.കെ.ജെ അറിയിച്ചു. ജനങ്ങൾ വീടിനുള്ളിൽ കഴിയുന്ന സാഹചര്യത്തിൽ സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഇതുവഴി മറ്റൊരു ഭീഷണിയായിത്തീരാവുന്ന ഡെങ്കിപ്പനിയെയും പ്രതിരോധിക്കാനാവുമെന്നും ഡി.എം.ഒ. അറിയിച്ചു. ജില്ലയിൽ വേനൽമഴ പെയ്തതിന് ശേഷം കൊതുകു സാന്ദ്രത വർദ്ധിച്ചതായി കാണുന്നതിനാൽ ഡെങ്കിപ്പനി കൂടുതൽ പടരുവാനുള്ള സാധ്യത വളരെയേറെയാണ്. ഈ വർഷം ജനുവരി മുതൽ ആകെ 23 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടുതൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വെള്ളാനിക്കര, മുണ്ടത്തിക്കോട്, വരാന്തരപ്പള്ളി, നടത്തറ, വരവൂർ, കൂർക്കഞ്ചേരി, കൊണ്ടാഴി എന്നിവിടങ്ങളിൽ നിന്നാണ്.
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുവാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഡെങ്കി വൈറസ് രണ്ടാമത്തെ പ്രാവശ്യം ഒരാളിൽ പ്രവേശിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ് . നാലുതരം ഡെങ്കി വൈറസുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒരു തരം വൈറസ് മൂലം രോഗബാധിനായ ആൾ അടുത്ത തവണ അസുഖ ബാധിതനാകുമ്പോൾ മറ്റൊരു തരം വൈറസ് ആണ് രോഗകാരിയെങ്കിൽ രോഗം കൂടുതൽ ഗുരുതരമാകും.അതിനാൽ ഒരാൾക്ക് തന്നെ രണ്ടാമത്തേയും മൂന്നാമത്തെയും തവണ ഡെങ്കിപ്പനി വന്നാൽ മരണം വരെ സംഭവിച്ചേക്കാം .
കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക,വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവയ്ക്കുക, അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൾ കൊണ്ട് കെട്ടിവയ്ക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്. കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാൻ ശ്രദ്ധിക്കണം.
കൊതുകുമൂലമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം തുടർന്നുകൊണ്ടിരിയ്ക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും പകർച്ചവ്യാധികൾ തടയുവാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ്ണസഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

Comments are closed.