1470-490

ഭാരതപുഴയിലെ ജലക്ഷാമം: മലമ്പുഴ ഡാം ഏപ്രിൽ 17 ന് തുറക്കും


ഭാരതപുഴയിലെ നീരൊഴുക്ക് വർദ്ധിപ്പിച്ച് ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് മലമ്പുഴ ഡാം 17 ന് രാവിലെ തുറക്കുമെന്ന് യു. ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. കേരളാ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകൾക്ക് യഥേഷ്ടം വെള്ളം പമ്പ്‌ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണം എന്നു കാണിച്ച് യു. ആർ. പ്രദീപ് എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഈ കത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജല വിഭവ വകുപ്പു അഡിഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദശിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ മലമ്പുഴ ഡാം എക്‌സിക്യൂട്ടീവ് എൻജിനീയർ ആവശ്യമായ നടപടി സ്വീകരിച്ചു.
ചേലക്കര നിയോജകമണ്ഡലത്തിലെ വാട്ടർ അതോറിറ്റിയുടെ പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകൾക്ക് വെള്ളം പമ്പ് ചെയ്യുന്നതിനു ഭാരതപ്പുഴയിൽ ആവശ്യമായ നീരൊഴുക്കും ജല ലഭ്യതയും ഇല്ലാത്തതിനാൽ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങൾ ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാണെന്നും ഇതോടൊപ്പം എം.എൽ.എ, എംപി, തദേശസ്വയംഭരണ വകുപ്പ് എന്നിവ മുഖേന പണിതീർത്ത ശുദ്ധജല പദ്ധതികൾക്കും വെള്ളമില്ലാത്ത അവസ്ഥയാണെന്നും എം.എൽ.എ കത്തിൽ ചുണ്ടി കാട്ടിയിരുന്നു.
ഏപ്രിൽ, മെയ് മാസങ്ങളിൽ കുടിവെള്ള പദ്ധതികൾക്ക് പമ്പ് ചെയ്യുന്നതിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ഇടവിട്ടാകും മലമ്പുഴ ഡാം തുറന്ന് വെള്ളം ഒഴുക്കുക.

Comments are closed.