1470-490

ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി അമ്പതിലേറെ അതിഥി തൊഴിലാളികൾ ആമ്പല്ലൂരിൽ സംഘടിച്ചു.

വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ തൊഴിലാളികളാണ് ഒരേ സമയം ദേശീയപാതയോരത്ത് ഒത്തുകൂടിയത്.കരാറുകാർ ഭക്ഷ്യധാന്യവും ഭക്ഷണവും നൽകുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ദേശീയപാതയോരത്ത് ഭക്ഷണം വിതരണം ചെയ്യുന്നത് വാങ്ങാനെത്തിയതാണെന്നാണ് ഇവർ പറയുന്നത്. നെൻമണിക്കര, പുതുക്കാട്, അളഗപ്പനഗർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിൽ നിന്നെത്തിയതാണ് തൊഴിലാളികൾ. സംഭവമറിഞ്ഞെത്തിയ പുതുക്കാട് പോലീസ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. ചില സ്ഥലങ്ങളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ ഇല്ലെന്ന് പോലീസ് കണ്ടെത്തി. വരും ദിവസങ്ങളിൽ തൊഴിലാളികൾക്കുള്ള ഭക്ഷണം ഒരുക്കാൻ കരാറുകാർക്ക് പോലീസ് നിർദേശം നൽകി.ഇതിനിടെ ആമ്പല്ലൂരിൽ ഒത്തുകൂടിയ തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതിച്ചോറ് എത്തിച്ചുനൽകി. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജെറോൺ ജോൺ, സോജൻ പെരുമ്പിള്ളിക്കാടൻ, പ്രിൻസ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം നൽകിയത്.ഇനിമുതൽ പാതയോരങ്ങളിൽ ഒത്തുകൂടരുതെന്ന് തൊഴിലാളികൾക്ക് പോലീസ് കർശന നിർദേശം നൽകി. രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പല പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ ഭാഗീകമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.കഴിഞ്ഞ ദിവസം വരെ ചില പഞ്ചായത്തുകളിൽ അതിഥി തൊഴിലാളികൾക്ക് സാമൂഹിക അടുക്കളയിൽ നിന്നാണ് ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്.ഇനിമുതൽ കരാറുകാർ തന്നെ തൊഴിലാളികൾക്ക് ഭക്ഷണം നൽകണമെന്ന് പഞ്ചായത്തുകൾ തീരുമാനം എടുത്തതോടെ തൊഴിലാളികൾക്ക് ഭക്ഷണം നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കരാറുകാരുടെ നീക്കമാണ് തൊഴിലാളികൾ സംഘടിച്ചതിന് പിന്നിലെന്ന് കരുതുന്നു.

Comments are closed.