1470-490

മാത്യു ടി തോമസ് എംഎല്‍എയുടെ ഇടപെടലില്‍ മരുന്നുകളെത്തിച്ച് യുവജന ക്ഷേമ ബോര്‍ഡ്

മാത്യു ടി തോമസ് എംഎല്‍എയുടെ ഇടപെടലില്‍ യുവാവിന് അടിയന്തരമായി മരുന്നുകളെത്തിച്ച് ജില്ലാ യുവജനക്ഷേമ ബോര്‍ഡ്. കവിയൂര്‍ തൂമ്പുങ്കല്‍ ലക്ഷംവീട് കോളനിയില്‍ സജുമോന്‍ എന്ന യുവാവിനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ എറണാകുളം മരടിലെ കെയര്‍ ആശുപത്രിയില്‍ നിന്നും എക്‌സെംപ്ഷ്യ എന്ന ഇന്‍ജക്ഷന്‍ മരുന്നെത്തിച്ചത്.
എല്ലുപൊടിയുന്ന രോഗത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി മുടങ്ങാതെ എടുത്തു കൊണ്ടിരുന്ന ഇന്‍ജക്ഷന്‍ മരുന്ന് ലോക്ക്ഡൗണ്‍ മൂലം ലഭ്യമായിരുന്നില്ല. തിരുവല്ല നിയോജക മണ്ഡലത്തില്‍ ബി പി എല്‍ കാര്‍ഡ് ഉളളവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് എംഎല്‍ എയുമായി ബന്ധപ്പെടുകയായിരുന്നു യുവാവിന്റെ അധ്യാപികയും കാട്ടൂര്‍ എന്‍എസ്എസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സുമായ ശ്രീലത ടീച്ചര്‍. വിവരം ലഭിച്ച ഉടന്‍ തന്നെ മരുന്നുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച എംഎല്‍എ, അവ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
എറണാകുളത്തു നിന്നും മരുന്നുകള്‍ അടിയന്തരമായി എത്തിക്കുന്നതില്‍ ജില്ലാ യുവജനക്ഷേമ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെട്ട എം എല്‍ എ മരുന്നുകളുടെ തുക ഓണ്‍ലൈനായി അടച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖയുടെയും കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സഹകരണത്തോടെയാണ് മരുന്നുകള്‍ കവിയൂരില്‍ എത്തിച്ചത്. വര്‍ഷങ്ങളായി രോഗബാധിതനായ യുവാവ് ഒമ്പത് വര്‍ഷത്തോളം ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. ഇന്‍ജക്ഷന്‍ എടുക്കാന്‍ തുടങ്ങിയത് മുതലാണ് യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത്. എന്നാല്‍, സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് മരുന്നുകള്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് കൈത്താങ്ങാവുകയായിരുന്നു എംഎല്‍എ.

Comments are closed.