1470-490

പുതുക്കിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ.

ദില്ലി: പുതുക്കിയ കൊവിഡ് ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ. പൊതുഗതാഗതത്തിൽ ഒരു കാരണവശാലും ഇളവുകൾ ഉണ്ടാകില്ല. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ അനുവദിക്കില്ല. അവശ്യസർവീസുകൾക്കല്ലാതെ ഉള്ള വ്യവസായമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകളില്ല.

വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക, മത പരിപാടികളൊന്നും പാടില്ല. ക്വാറന്‍റൈൻ കാലാവധി പൂർത്തിയായ ആളുകൾ നിശ്ചിത പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചത്. അതല്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.

വ്യാപാരമേഖലയിൽ ഇളവുകൾ ഉള്ളത് എന്തിനൊക്കെയെന്ന് വിശദമായി പരിശോധിക്കാം:

 1. റേഷൻ ഷാപ്പുകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് – എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്.
 2. ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
 3. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം.
 4. ടെലികമ്മ്യൂണിക്കേഷൻസ്, ഇന്‍റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യസർവീസുകൾ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യം.
 5. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ- കൊമേഴ്സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
 6. പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ൽ സ്റ്റോറേജ് വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം തുറക്കാം.
 7. പവർ ജനറേഷൻ സംബന്ധമായ എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
 8. സെബി അംഗീകരിക്കുന്ന എല്ലാ കാപിറ്റർ, ഡെറ്റ് മാർക്കറ്റ് സർവീസുകൾക്കും തുറക്കാം (ഇത് പുതിയ നിർദേശമാണ്)
 9. കോൾഡ് സ്റ്റോറേജുകൾക്കും ഗോഡൗണുകൾക്കും പ്രവർത്തനാനുമതി
 10. സ്വകാര്യ സെക്യൂരിറ്റി സർവീസുകൾക്ക് പ്രവർത്തിക്കാം (പുതിയ നി‍ർദേശമാണ്)
 11. ഡാറ്റ, കോൾ സെന്‍ററുകൾ (സർക്കാർ സേവനങ്ങൾക്ക് മാത്രം)
 12. കൃഷിസംബന്ധമായ സേവനങ്ങൾ നൽകേണ്ട എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം
 13. കൃഷി അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട custom hiring centres – തുറക്കാം
 14. കൃഷി അനുബന്ധ ഉപകരണങ്ങൾ സർവീസ് ചെയ്യാനോ സ്പെയർ പാർട്സുകൾ വിൽക്കാനോ കട തുറക്കാം
 15. ഹൈവേകളിൽ ട്രക്ക് റിപ്പയർ ചെയ്യുന്ന കടകൾക്ക് തുറക്കാം.
 16. മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തുറക്കാം.

ബാക്കിയെല്ലാ സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നടപടികൾ തുടരണം.

വ്യവസായ സ്ഥാപനങ്ങളിൽ ഇളവ് ഏതിനൊക്കെ?

 1. അവശ്യസാധനങ്ങളോ, മരുന്നുകളോ, മെഡിക്കൽ ഉപകരണങ്ങളോ കൊണ്ടുപോകുന്നവർക്ക് ഇളവ്
 2. തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾ സംസ്ഥാനസർക്കാരിന്‍റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം (പുതിയ നിർദേശമാണ്)
 3. കൽക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവർത്തിക്കാം (നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം)
 4. ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കൽ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവർക്ക് തുറക്കാം.
 5. തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.

ഗതാഗതമേഖലയ്ക്ക് ഇളവുകളുണ്ടോ?

 1. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ വാഹനങ്ങൾ ഉപഓഗിക്കാവൂ.
 2. അഗ്നിശമനസേന, പൊലീസ് വാഹനങ്ങൾ, ആംബുലൻസ് അടക്കമുള്ള എമർജൻസി സേവനങ്ങൾ
 3. റെയിൽവേ, എയർപോർട്ട്, സീപോർട്ട് എന്നിവകളിൽ ചരക്ക് നീക്കം മാത്രം.
 4. അന്തർസംസ്ഥാനചരക്ക് നീക്കത്തിനായി വാഹനങ്ങൾ ഉപയോഗിക്കാം
 5. പെട്രോളിയം, എൽപിജി, ഭക്ഷണവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുപോകാൻ അന്തർസംസ്ഥാനഗതാഗതം അനുവദിക്കും.
 6. കൊയ്ത്തുപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കും. അത് അതിർത്തി കടന്നും കൊണ്ടുപോകാം. (പുതിയ നിർദേശമാണ്)
 7. വിദേശ പൗരൻമാർക്ക് ഇന്ത്യയിൽ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം മാത്രം.

Comments are closed.