1470-490

ഉന്നത വിദ്യാഭ്യാസത്തിന് പുത്തൻ വഴികളുമായി അസാപ്


ലോക്ക് ഡൗൺ കാലത്തെ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങളെ എങ്ങനെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനൊക്കെ പുതിയ നിർദ്ദേശങ്ങളുമായി അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം). ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും ചേർന്ന് സംസ്ഥാനത്തെ സർവ്വകലാശാലകളിലെയും പോളിടെക്നിക്ക് കോളേജുകളിലെയും ബിരുദബിരുദാനന്തര / ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി ജില്ലയിലും ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള പല കോളേജുകളും കെ.ടി.യു.വിന് കീഴിലുള്ള എൻനീയറിങ് കോളേജുകളും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് അദ്ധ്യയന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഓൺലൈൻ ക്ലാസുകൾ രാവിലെ 8.30 മുതൽ വൈകിട്ട് 9.30 വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളാക്കിക്കൊണ്ടാണ് ഓരോ വിഷയത്തിലും അദ്ധ്യയനം പൂർത്തിയാക്കാനുദ്ദേശിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്ക് ഡൗൺ സാഹചര്യം മറികടക്കുന്നതിന് വിവിധ പരിഹാരമാർഗങ്ങൾ പരിശോധിച്ച് നടപടിയെടുത്തത്.വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അദ്ധ്യയനം ലഭ്യമാക്കുന്നതിനും അവശേഷിക്കുന്ന പാഠഭാഗങ്ങൾ തീർക്കുന്നതിനുമുള്ള ഓൺലൈൻ പഠനക്ലാസ്സുകൾ ആരംഭിച്ചതോടെ ഉന്നത വിദ്യഭ്യാസ മേഖലയിൽ നില നിന്നിരുന്ന ആശങ്കയ്ക്കും തെല്ലുശമനമായി.
ഓരോ സർവ്വകലാശാലകളിലെയും അതാത് വിഷയങ്ങളിൽ വിദഗ്ധരായ അദ്ധ്യാപകരുടെ സഹായത്തോടെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏതെങ്കിലും കാരണവശാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി റെക്കോർഡഡ് വീഡിയോ അസാപിന്റെ യൂട്യൂബ് ചാനൽ ആയ ASAP Kerala official channel ൽ അപ്ലോഡ് ചെയ്യുന്നതാണ്.

Comments are closed.