1470-490

ഗൾഫ് രാജ്യങ്ങളിലേക്ക് വിദഗ്ധ ഡോക്ടർമാരെ അയക്കണം : എംഇഎസ്.കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ഭീതി അകറ്റാനും അവർക്കാവശ്യമായ ആരോഗ്യ പരിരക്ഷ നൽകുവാനും ഉതകുന്ന തലത്തിൽ ക്രിട്ടിക്കൽ മെഡിക്കലിൽ ട്രെയിനിങ് കഴിഞ്ഞ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തെ യു.എ.ഇ ഉൾപ്പെടെയുള ഗൾഫ് രാജ്യങ്ങളിലേക്ക് അയക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് എം.ഇ.എസ് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ. ഫസൽ ഗഫൂർ അറിയിച്ചു.
കോവിഡ് 19 രോഗത്തെത്തുടർന്ന് എം.ഇ.എസ് മെഡിക്കൽ കോളേജ് , എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാറിന് വളരെ നേരത്തെ തന്നെ മുൻ കുട്ടി എൽപ്പിച്ചു കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചില സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആസ്പത്രി കോ മിഡ് ആസ്പത്രിയാക്കി മാറ്റുന്നതിന് തയ്യാറാണെന്ന കാര്യവും സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്.പ്രവാസ ലോകത്തുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ നിരന്തരമായ പ്രവർത്തനത്തിന്റെ കൂടി ഫലമായാണ് കേരളം ഇന്ന് കൈവരിച്ച നേട്ടങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിൽ കഴിയുന്ന പ്രായം ഉള്ള വ്യക്തികൾ, ഗർഭിണികൾ, വിസിറ്റിംഗ് വിസക്ക് പോയവർ, രോഗം ബാധിക്കാതെ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്ന സാധാരണക്കാർ എന്നിവർക്ക് സ്വദേശത്തേക്ക് തിരിച്ചു പോരാനുള്ള സൗകര്യങ്ങൾ അടിയന്തരമായി സർക്കാറുകൾ ചെയ്തു കൊടുക്കണം എന്ന് ആവശ്യപ്പെടുന്നു .ഒപ്പം പ്രവാസികളായ രോഗം ബാധിച്ച വ്യക്തികൾക്ക് ആവശ്യമായ ചികിത്സ സൗജന്യമായി ലഭിക്കുന്നതിനുവേണ്ടി ഇടപെടലുകൾ ഉണ്ടാവണം. അവിടുത്തെ ഭരണാധികാരികൾ മുൻകൈയെടുത്തു സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ വിദേശകാര്യ ,പ്രവാസി വകുപ്പുകൾ നടപടി സ്വീകരിക്കണം.
ഇരുന്നൂറോളം ഡോക്ടർമാർ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നു തന്നെ ക്രിട്ടിക്കൽ മെഡിക്കലിൽ ട്രെയിനിംഗ് കഴിഞ്ഞവർ ഉണ്ട് ആവശ്യമെങ്കിൽ ഇവരെ ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡി അഡിക്ഷൻ സെന്റർ പ്രവർത്തന സജ്ജമാണ്. കുറ്റിപ്പുറം എൻജിനീയറിങ് കോളേജ് നിർമ്മിച്ച പുതിയ തരം മാസ്ക്കുകൾ അംഗീകാരത്തിനായി ആരോഗ്യ വിഭാഗത്തിൽ സമർപ്പിച്ചിട്ടുണ്ട് ഒപ്പം മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾ ചിലവ് കുറഞ്ഞ ആധുനിക ജീവൻ രക്ഷാ സഹായിയായ വെന്റിലേറ്റർ നിർമ്മിക്കുന്ന പ്രക്രിയയിലാണ്. എം.ഇ.എസ് ഈ കൊറോണ കാലത്ത് നിരവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ട് ചെയ്തുവരുന്നത്.എം.ഇ.എസ് .വിദേശ യൂണിറ്റുകളുമായി നിരന്തരം ബന്ധം പുലർത്തി കൊണ്ടിരിക്കുന്നുണ്ട് ആവശ്യമായ ഇടപെടലുകളും സഹായങ്ങളും നടത്തുന്നതിനായി എം.ഇ.എസ് .വിദേശ യൂണിറ്റുകളോട് നിർദേശം നൽകിയിട്ടുണ്ടെന്നും ,എം.ഇ.എ സി ന്റെ 150 ൽ പരം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ക്വാറന്റയിൻ ആവശ്യത്തിലേക്ക് വിട്ടു നൽകുന്നതാണെന്നും ഡോ. ഫസൽ ഗഫൂർ അറിയിച്ചു.

Comments are closed.