1470-490

കേച്ചേരി മാർക്കറ്റിലെ മത്സ്യ മാംസ വിൽപ്പനശാലകൾ ആരോഗ്യ വിഭാഗം അടപ്പിച്ചു.

ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി മാർക്കറ്റിലെ മത്സ്യ മാംസ വിൽപ്പനശാലകൾ ആരോഗ്യ വിഭാഗം അടപ്പിച്ചു. സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലും, കഴിഞ്ഞ ദിവസംപുഴുവരിച്ച മാടിനെ അറക്കാനായി എത്തിച്ചതിനെ തുടർന്നുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ മാംസ വിൽപ്പനശാലകൾ അടപ്പിച്ചത്. കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപ്പിച്ച ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി സാമൂഹ്യ അകലം പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മത്സ്യ – മാംസ വിപണന കേന്ദ്രങ്ങൾ അടച്ചിടുന്നതിന് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം, വ്രണം ബാധിച്ച മാടിനെ അറുത്ത് മാംസമാക്കുന്നതിനായി മാർക്കറ്റിൽ എത്തിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പഞ്ചായത്ത് അധികാരികൾക്കും, ആരോഗ്യ വിഭാഗത്തിനും നൽകിയ പരാതിയെ തുടർന്ന് ബുധനാഴ്ച്ച രാവിലെ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസിന്റെ സാന്നിധ്യത്തിൽ മാർക്കറ്റിൽ പരിശോധന നടത്തി. വൃത്തിഹീനമായ സ്ഥചര്യത്തിലാണ് മത്സ്യവും മാംസവും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ മൃഗ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതെയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തു. പഞ്ചായത്ത് രാജ് ആക്ടിലെ ചട്ടങ്ങൾ 39 പ്രകാരം നടത്തിയ പരിശോധനയിലും നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ, ഇനിയൊരു ഉത്തരവു ഉണ്ടാകുന്നതു വരെ അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, സെക്രട്ടറി പി.എ.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി സാജൻ.സി.ജേക്കബ്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.സുജിത്ത്, പി.എൻ. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കുന്നംകുളം അഡീഷണൽ എസ്.ഐ. ജോർജ്ജിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും പരിശോധനക്ക് എത്തിയിരുന്നു. വ്രണം ബാധിച്ച മാടിനെ അറുത്ത് മാംസമാക്കി മാറ്റാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടതാണ് പരിശോധനക്ക് കാരണമായതെന്ന് പ്രസിഡണ്ട് കെ.എസ്. കരീം വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക് ഡൗണിന്റെ നീട്ടിയ സമയപരിധിയായ മെയ് 3 കഴിയാതെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾക്ക് തുറക്കാൻ കഴിയില്ല. ലോക്ക് ഡൗൺ പരിധി കഴിഞ്ഞാൽ വീണ്ടും പരിശോധനകൾ നടത്തി മാത്രമെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് പഞ്ചായത്തും ആരോഗ്യ വിഭാഗവും.

Comments are closed.