1470-490

ലോക്ക് ഡൗൺ തീരുമ്പോ ലോക്കാകാൻ പോകുന്നത് മാധ്യമ പ്രവർത്തകർ

ലോക്ക് ഡൗൺ തീരുമ്പോൾ മാധ്യമ പ്രവർത്തകർ Lock ആകും. ലോക്ക്ഡൗണ്‍ കാലത്തെ നഷ്ടം നികത്താന്‍ പ്രധാന പത്രങ്ങള്‍ സാലറി കട്ട് ആലോചിക്കുന്നു ‘ ഇത് പ്രഖ്യാപിക്കാന്‍ ഒരു പത്രം ഏപ്രില്‍ 17ന് മുതലാളിയുടെ വീഡിയോ കോണ്‍ഫ്രന്‍സ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മറ്റൊരു പത്രം വിഷു കഴിഞ്ഞ ഉടനെ കട്ട് പ്രഖ്യാപിക്കുമെന്നും അതിനുള്ള കത്ത് തയാറായിട്ടുണ്ടെന്നുമാണ് അറിയുന്നത്. 30 ശതമാനമാണ് കട്ടെന്നാണ് ലഭ്യമാവുന്ന വിവരം. ഇവര്‍ അത് നടപ്പിലാക്കുന്നതോടെ താരതമ്യേന ചെറിയ പത്രമാനേജ്‌മെന്റുകളും ആ വഴിയിലായിരിക്കും. അങ്ങനെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നമ്മുടെ സമൂഹം മൊത്തത്തില്‍ ക്ലേശിക്കാന്‍ പോവുകയാണ്. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും നഷ്ടം മുഴുവന്‍ അവര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കാന്‍ ഒരുങ്ങുകയാണ്. ലോകം മുഴുവന്‍ വന്‍ ദുരന്തം നേരിടുമ്പോള്‍ ട്രില്യന്‍ കോടികളുടെ നഷ്ടം സഹിക്കുമ്പോള്‍ ഇത് സ്വാഭാവികമെന്ന് ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂട്ടത്തില്‍ തന്നെ ഉണ്ടാവാം. അവര്‍ നമ്മെ സാഹചര്യത്തിന് വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്.

മാധ്യമ സ്ഥാപനങ്ങള്‍ ഒരു കച്ചവടസ്ഥാപനം കൂടിയാണ്. ബിസിനസില്‍ ലാഭം മാത്രമല്ല നഷ്ടത്തിനും സാധ്യതയുണ്ട്. അത് സ്വാഭാവികവുമാണ്. കട്ട് പ്രഖ്യാപിക്കാന്‍ പോകുന്ന ഒന്നാമത്തെ പത്രം ആരംഭിച്ചിട്ട് 132 വര്‍ഷമായി. അന്ന് ഏക ഓഫീസും പ്രാചീനമായ പ്രസ്സുമുണ്ടായിരുന്ന അതിന് ഇപ്പോള്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫിലും നിരവധി എഡിഷനുകളുണ്ടായി, ആധുനീക പ്രസ്സുകളുണ്ടായി, നഗരഹൃദയങ്ങളില്‍ സ്വന്തമായി സ്ഥലങ്ങളുണ്ടായി. അവിടെ കൂറ്റന്‍ കെട്ടിടങ്ങളുണ്ടായി. എഫ്എം നിലയമുണ്ടായി. ചാനലുകളുണ്ടായി. രണ്ടാത്തെ പത്രം ആരംഭിച്ചിട്ട് 97 വര്‍ഷം പിന്നിട്ടു. അതിനും ഒന്നാമത്തെ പത്രത്തിനുള്ള എല്ലാ സംവിധാനങ്ങളും സ്വത്തുക്കളുമുണ്ട്. ഇതെല്ലാം ഉണ്ടായത് ജേര്‍ണലിസ്റ്റുകളുടെ ബൗദ്ധീകവും ശാരീരകവുമായ അധ്വാനത്തിന്റെ ഫലമായിട്ടാണ്. മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരുടെ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ്. അതായത് ഈ കാണുന്നതെല്ലാം ഉണ്ടാക്കിക്കൊടുത്തത് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് ‘ ഇവരുടെ എക്ലൂസീവ് വാര്‍ത്തകള്‍ നിലപാടുകള്‍ റിപ്പോര്‍ട്ടിംഗ് ശൈലികള്‍ തുടങ്ങിയവയാണ് ഒരു മാധ്യമത്തെ നിലനില്‍ത്തുന്നത്. ആ മാധ്യമം ജനങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്യുന്നത് കൊണ്ടാണ് അതിന് പരസ്യം ലഭിക്കുന്നത്. അങ്ങനെയാണ് അവര്‍ക്ക് ഇത്രയും സമ്പാദിക്കാന്‍ സാധിച്ചത്.

ഇനി ചെറിയ പത്രങ്ങളുടെ കാര്യം പറയാം. ദൈനംദിന നടത്തിപ്പ് ക്ലേശപൂര്‍ണ്ണമാണെങ്കിലും അവര്‍ക്കും നിരവധി എഡിഷനുകളുണ്ട്. മിക്ക ജില്ലകളിലും സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള ആസ്തി ഉണ്ട്. ചിലര്‍ക്ക് സ്വന്തമായി ചാനലുകളുമുണ്ട്. അതും അവരുടെ വളര്‍ച്ച തന്നെയാണ്. ചുരുക്കത്തില്‍ എല്ലാവരും ഇന്നുകാണുന്ന നല്ല അവസ്ഥയിലെത്തിയത് നമ്മുടെ വിവിധങ്ങളായ അധ്വാനത്തിന്റെ ഫലമായാണ്. അങ്ങനെയുള്ള നമ്മളെ ഇരുപത്തൊന്നോ മുപ്പതോ ദിവസം പരസ്യം ലഭിക്കാത്തിന്റെ പേരിലോ പരസ്യം കുറഞ്ഞതിന്റെ പേരിലോ ഇനിയുള്ള കുറച്ചുകാലം പരസ്യം ലഭിക്കുന്നത് കുറവായിരിക്കുമെന്ന നിഗമനത്തിന്റെ പേരിലോ കഷ്ടപ്പെടുത്താന്‍ പാടുള്ളതാണോ? ലാഭം കിട്ടിയപ്പോള്‍ നമുക്ക് നല്‍കിയിരുന്നെങ്കില്‍ നഷ്ടം വരുമ്പോള്‍ നാം സഹിക്കാന്‍ ബാധ്യസ്ഥരായിരുന്നു. അത് ഇതുവരെ ഉണ്ടാവാത്ത സ്ഥിതിക്ക് ഇതും അനുവദിക്കാന്‍ സാധ്യമല്ലെന്ന് നാം ഒറ്റക്കെട്ടായി പറയണം. അതത് സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മുതലാളിയോട് ഇങ്ങനെ പറയാന്‍ സാധ്യമല്ലാത്ത തൊഴില്‍ അന്തരീക്ഷമാണിന്ന്. നാട്ടുകാരുടെ മൊത്തം സ്വാതന്ത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി വിയര്‍പ്പൊഴുക്കുന്ന നാം സ്വന്തം സ്ഥാപനത്തിനകത്ത് നാവരിയപ്പെട്ടവരാണ്. അതിനാല്‍ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ തന്നെ അതിന് മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. തൊഴിലാളിയെ പിഴിയുന്നതിന് പകരം ഇത്രയും കാലത്തെ ലാഭത്തിന്റെ ഒരു ചെറിയ അംശമെടുത്ത് നഷ്ടം നികത്താന്‍ അവരെ ഉപദേശിക്കേണ്ടതുണ്ട്. സംതൃപ്തരായ തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റെയും ഏറ്റവും വലിയ സമ്പത്തും മൂലധനവും. അവരുടെ സംതൃപ്തി മാത്രം മതി നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നേടിക്കൊടുക്കാന്‍. അല്ലാതെ പിഴിഞ്ഞ് പിണ്ടിയായ അവരുടെ ശരീരങ്ങള്‍ പഞ്ചിംഗ് മെഷീനില്‍ വിരലമര്‍ത്തി സീറ്റില്‍ വന്നിരുന്നിട്ടെന്ത് പ്രയോജനം. കോവിഡിനേക്കാള്‍ വലിയ ദുരന്തവും എന്നെന്നേക്കുമായുള്ള നഷ്ടവുമായിരിക്കുമത്.

Comments are closed.