1470-490

കോഴിക്കോട്ട് പുറത്തിറങ്ങിയാൽ മാസ്​ക്​ നിർബന്ധം

കോഴിക്കോട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ മൂക്കും വായയും മറയ്​ക്കുന്ന മാസ്കോ തൂവാലയോ ധരിക്കുന്നത് നിർബന്ധമാക്കി. വീടിന് പുറത്തിറങ്ങി ഒന്നിൽ കൂടുതൽ ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്കാണ് ജില്ല കലക്ടറുടെ ഉത്തരവ് ബാധകം.

വൈറസ് പടർന്ന് പിടിക്കാതിരിക്കാൻ ദുരന്തനിവാരണ നിയമം സെക്ഷൻ 30 പ്രകാരം ജില്ല കലക്ടർ എസ്. സാംബശിവ റാവുമാണ് മാസ്ക് അല്ലെങ്കിൽ തൂവാല നിർബന്ധമാക്കി ഉത്തരവിട്ടത്. ഇക്കാര്യം ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലിസിന്റെയും മറ്റും നിരീക്ഷണ സ്ക്വാഡുകൾ ഉറപ്പു വരുത്തണം.

ഒന്നിൽ കൂടുതൽ തവണ നിർദേശം ലംഘിച്ചാൽ ദുരന്തനിവാരണ നിയമത്തിലെ ഐ.പി.സി 188 വകുപ്പനുസരിച്ച് നടപടിയുണ്ടാകും. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ജനങ്ങളെ രോഗത്തിൽ നിന്ന് കൂടുതൽ സുരക്ഷിതരാക്കുന്നതിന് വീടിന് പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ ധരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.

Comments are closed.