1470-490

മലയാളിക്ക് കണികണ്ടുണരാന്‍ കൃഷ്ണവിഗ്രഹങ്ങള്‍ ഒരുക്കിയ അതിഥി തൊഴിലാളികൾക്ക് ഇത് വറുതിക്കാലം.

കോവിഡ്–19 രോഗഭീതിയും, ലോക്ഡൗണുമെല്ലാം വിഷുവിന്റെ പൊലിമ കുറച്ചപ്പോള്‍ മലയാളിക്ക് കണികണ്ടുണരാന്‍ കൃഷ്ണവിഗ്രഹങ്ങള്‍ ഒരുക്കിയ അതിഥി തൊഴിലാളികൾക്കും ഇത് വറുതിക്കാലം. വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതയതാണ് പ്രതിസന്ധിക്ക് കാരണം. മുടക്കു മുതല്‍ പോലും ലഭിക്കാതെ തുച്ചമായ വിലയ്ക്കാണ് പലരും കൃഷ്ണ വിഗ്രഹങ്ങള്‍ വിറ്റൊഴിവാക്കുന്നത്.
കണിത്താലത്തില്‍ കൊന്നപ്പൂക്കള്‍ക്കിടയില്‍ മന്ദസ്മിതം തൂകിയിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമൃദ്ധിയുടെ പ്രതീകമാണ്. ഇതുകൊണ്ടാണ് വിഷു വിപണിയില്‍ കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതും. ഈ വിപണി ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ വിവിധ പാതയോരങ്ങളില്‍ തമ്പടിച്ച് അഥിതി തൊഴിലാളികളായ ശില്‍പികള്‍ വിഗ്രഹങ്ങള്‍ ഒരുക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള ബാവു ലാലും കുടുംബവും ദേശീയ പാതയോരത്ത് നെല്ലായിയിൽ താമസിച്ച് വിഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മികച്ച വിപണിയുണ്ടായിരുന്ന വിഷുക്കാലം ഇക്കുറി ഇവർക്ക് ഓര്‍മ്മ മാത്രമാണ്.
പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ തീര്‍ത്ത ഈ വിഗ്രഹങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാരുണ്ട്. ലോക്ഡൗണില്‍ വിഷു വിപണി തളർന്നതോടെ വിഗ്രഹങ്ങൾ വിറ്റുപോകുന്നില്ല. സാധാരണ സീസണിൽ നാലായിരത്തോളം വിഗ്രഹങ്ങളാണ് വിറ്റുപോകാറുള്ളതെന്ന് ശിൽപി ബാവുലാൽ പറയുന്നു. എന്നാൽ ഇത്തവണ നാമമാത്ര ശില്പങ്ങളാണ് വിൽപ്പന നടത്താനായത്.

Comments are closed.