കേരളം ആശ്വാസകരം; ജാഗ്രത കൈ വിടരുത്

രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങൾ ജാഗ്രതാ കുറവുണ്ടാക്കരുതെന്നും കര്‍ശനമായി സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗബാധ നേരിടാന്‍ നമ്മള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആശ്വാസമായി എന്ന് പറയാനായിട്ടില്ല. എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കില്‍ വീണ്ടും രോഗബാധ ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇനി രോഗബാധ വലിയതോതില്‍ ഉയരില്ല എന്നുതന്നെയാണ് കണക്കുകൂട്ടൽ. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കൾശനമാണ്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ പോലും പരിശോധന നടത്തുന്നുണ്ട്. കഴിയുന്നത്ര കിറ്റുകള്‍ സംഘടിപ്പിച്ച് പരിശോധന മുടങ്ങിപ്പോകാതെ നടത്തിയിട്ടുണ്ട്.
പത്ത് ലബുകളിലായി ഇപ്പോള്‍ പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പരിശോധനാ കിറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രം നമ്മുടെ ആവശ്യം പൂര്‍ണമായും നടക്കില്ല. കൂടുതല്‍ കിറ്റുകള്‍ പലയിടങ്ങളില്‍നിന്നായി വാങ്ങുന്നുണ്ട്. എന്നാല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് കൂടുതല്‍ കിറ്റുകള്‍ വേണ്ടിവരും. കിറ്റുകളുടെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Comments are closed.