1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ കീഴ്ശാന്തിയെ പ്രവൃത്തികളിൽ നിന്നും ദേവസ്വം മാറ്റി നിർത്തി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് 19 പ്രതിരോധ നടപടികൾ ലംഘിച്ച കീഴ്ശാന്തിയെ പ്രവൃത്തികളിൽ നിന്നും ദേവസ്വം മാറ്റി നിർത്തി. ക്ഷേത്ര പരിചാരക സമിതി നേതാവ് കൂടിയായ കീഴ്ശാന്തി നമ്പൂതിരിയാണ് കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിനകത്ത് വിളക്ക് കത്തിച്ചുവെച്ച് പ്രാർത്ഥന നടത്തിയത്.
 കോവിഡിൽ നിന്നും രക്ഷനേടുവാനെന്ന പേരിലാണത്രെ ക്ഷേത്രം നാലമ്പലത്തിനകത്ത് വിളക്ക് തെളിയിച്ച് കീഴ്ശാന്തി നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നത്. വിവരം പുറത്തറിഞ്ഞതോടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ കീഴ്ശാന്തി നമ്പൂതിരിയെ പ്രവൃത്തിയിൽ നിന്നും മാറ്റി നിർത്താൻ ദേവസ്വം ചെയർമാൻ നിർദേശം നൽകി.
    കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ ശേഷം ക്ഷേത്രത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരിക്കയാണ്. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന അത്യാവശ്യം വേണ്ട ജീവനക്കാരും ക്ഷേത്രത്തിലെ ദൈനംദിന പ്രവൃത്തികൾക്ക് ആവശ്യമുള്ള കീഴ്ശാന്തി നമ്പൂതിരിമാർക്കും, അടിയന്തിര പ്രവൃത്തിചെയ്യുന്നവർക്കും മാത്രമാണ് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം. എന്നാൽ ക്ഷേത്രത്തിൽ ജോലിയില്ലെങ്കിലും നടപടിയ്ക്ക് വിധേയനായ കീഴ്ശാന്തി ദിവസവും ക്ഷേത്രത്തിനകത്ത് പ്രവേശിയ്ക്കുകയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിയ്ക്കുന്നതും ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞതിനെ തുടർന്നാണ് ഇന്നലെ ഇയാളെ ക്ഷേത്രത്തിനകത്തെ പ്രവൃത്തികളിൽ നിന്നും മാറ്റി നിർത്താൻ ചെയർമാൻ കെ.ബി.മോഹൻദാസ് നിർദേശം നൽകിയത്.

ക്ഷേത്രത്തിനകത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിയ്ക്കപ്പെടുന്നില്ലായെന്ന് അറിഞ്ഞതിനെ തുടർന്ന് നിർദേശങ്ങൾ കൃത്യമായി പാലിയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ ക്ഷേത്രത്തിൽ പ്രവൃത്തി ചെയ്യുന്ന ഒരു കീഴ്ശാന്തി നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ക്ഷേത്രത്തിനകത്ത് കൂടുതൽ സമയം ചിലവഴിക്കുകയും അയാളുടെ പ്രവൃത്തിയിൽപ്പെടാത്തതായ കാര്യങ്ങളിൽ ഇടപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പ്രവൃത്തിയിൽ നിന്നും മാറ്റി നിർത്താൻ നിർദേശം നൽകുകയായിരുന്നു.
   – അഡ്വ. കെ.ബി.മോഹൻദാസ് (ഗുരുവായൂർ ദേവസ്വം ചെയർമാൻ)

Comments are closed.