ഗൾഫ് പ്രവാസികളുടെ ദുരിതം ചെറുതല്ല
ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും മലയാളികളുണ്ട്. ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ള പ്രദേശങ്ങളിലൊന്നാണ് ഗൾഫ് നാടുകൾ.അവിടെ 6 രാജ്യങ്ങളിലായി ഏതാണ്ട് 25 ലക്ഷത്തിലധികം മലയാളികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഗൾഫുനാടുകളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അവിടുത്തെ പ്രവാസികളുടെ എണ്ണത്തെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കൂടി കണക്കിലെടുക്കുമ്പോൾ വലിയ ആശങ്കയാണ് അവിടെയും, ഇവിടെയുള്ള അവരുടെ ബന്ധുക്കളുടെയും ഇടയിലുള്ളതെന്നാണ് മനസ്സിലാക്കുന്നത്. ഗൾഫ് പ്രവാസികളിൽ ലേബർ ക്യാമ്പുകളിലും, ഇടുങ്ങിയ മുറികളിലും, അവിടെ തന്നെ അട്ടിയട്ടിയായി
എന്താണ്ഗ ൾഫ് പ്രവാസികളെ ദുരിതം
1. രോഗം പകരുന്നതെങ്ങനെ എന്നും തടയാനുള്ള ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ എന്തൊക്കെയെന്നും എല്ലാം അറിയാം, പക്ഷേ അത് പാലിക്കാനുള്ള ഉള്ള സാമൂഹിക സാഹചര്യം നിലവിലില്ല എന്ന ദുരവസ്ഥ. ശരിക്കും അതൊരു ദുരവസ്ഥ തന്നെയാണ്. പ്രത്യേകിച്ചും ഡോർമിറ്ററികളിലും ലേബർ ക്യാമ്പുകളിലെ മുറികളിലും തിങ്ങിപ്പാർക്കുന്നവർക്കിടയിൽ. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കാൻ പറ്റുന്ന ചില കാര്യങ്ങൾ
A) നമ്മൾ നേരത്തെ പറയുന്ന വ്യക്തി ശുചിത്വം, അതായത് കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക റൂമിനുള്ളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയും.
B) ജോലിക്കായും മറ്റാവശ്യങ്ങൾക്കായും പുറത്തുപോയി വരുന്നവർ കൈകൾ സോപ്പിട്ട് കഴുകിയതിന് ശേഷമോ കുളിച്ചതിന് ശേഷമോ മാത്രം മറ്റുള്ളവരുമായി ഇടപെടുക.
C) ക്യാമ്പുകളിൽ പ്രായമായവർ ഉണ്ടെങ്കിൽ അവരെ പ്രത്യേകം കരുതലോടെ, പ്രത്യേക മുറികളിൽ പാർപ്പിക്കുക. പുറത്തു നിന്നു വരുന്നവരും പുറത്തുപോയി വരുന്നവരും ഒരു കാരണവശാലും അവരുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കുക.
D) വാട്സാപ്പിലൂടെയും മറ്റും വരുന്ന തെറ്റായ സന്ദേശങ്ങളിൽ വിശ്വസിച്ചു, അതു പിന്തുടർന്നു യഥാർത്ഥ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാതിരിക്കരുത്. 2. കൂടെയുള്ള ഒരാൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ ഉള്ള സാഹചര്യങ്ങൾ ഇല്ലെങ്കിൽ…
“ഒരു മുറിയിൽ താമസിക്കുന്ന ഒരാളുടെ സാമ്പിൾ ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോയിട്ട് മൂന്നു ദിവസം കഴിഞ്ഞാണ് പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നത്. പിന്നെയും ഒരു ദിവസം കഴിഞ്ഞാണ് അയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.” ഇങ്ങനെ ഒരു സംഭവം കേട്ടിരുന്നു. ഈ സമയങ്ങളിലൊക്കെ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകർന്നിരിക്കുമോ എന്ന ആശങ്ക കൂടെ ഉണ്ടായിരുന്നവർക്കും അവരുമായി ഇടപഴകിയവർക്കും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. പക്ഷെ അവിടെ പല പരിമിതികളും ഉണ്ടാവാം.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വ്യക്തിപരമായി അവിടെയുള്ളവർക്ക് സാധിക്കുമോ എന്നത് സംശയമാണ്. പക്ഷെ, കേരള സർക്കാരിന് ഇടപെടാൻ കഴിയും. ആ രാജ്യങ്ങളിലെ ഗവൺമെൻ്റുമായി സംസാരിക്കാനും കേരളത്തിൽ നിന്നുമുള്ള വ്യവസായപ്രമുഖരുമായി സഹകരിച്ച്, അവരുടെ സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊക്കെ ക്വാറൻ്റയിൻ അല്ലെങ്കിൽ ഐസൊലേഷൻ ചെയ്യാനുള്ള സ്ഥലങ്ങളാക്കി മാറ്റാൻ സാധിച്ചേക്കും. രോഗികളുമായി സമ്പർക്കമുണ്ടായി എന്ന് സംശയിക്കുന്നവരെ തിരികെ ലേബർ ക്യാമ്പുകളിലേക്ക് വിടാതെ ഇത്തരം സ്ഥാപനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സാധിച്ചാൽ വളരെ നന്നായിരിക്കും. കേരള സർക്കാരിന് മാത്രമല്ല, ഇന്ത്യൻ സർക്കാരിനും വളരെയേറെ ചെയ്യാൻ സാധിക്കും.
3. ജോലി നഷ്ടപ്പെടുമോ എന്ന ഭയം. എത്രനാൾ ഇങ്ങനെ തുടരേണ്ടിവരും എന്ന ആശങ്ക. തിരിച്ച് നാട്ടിൽ എത്താൻ കഴിയുമോ എന്ന ആശങ്ക. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിയേക്കാൾ പ്രധാനം രോഗ വ്യാപനം തടയുക എന്നതിനാണ്. അങ്ങനെയുള്ള ചില കാര്യങ്ങൾ നമ്മൾ കുറച്ച് യാഥാർഥ്യബോധത്തോടെ ചിന്തിച്ച് കൈകാര്യം ചെയ്യേണ്ടവയാണ്. ഇത് നമ്മുടെ മാത്രം പ്രശ്നമല്ലെന്നും ലോകത്ത് എല്ലാവരും ഈയൊരു സന്നിഗ്ദ്ധ ഘട്ടത്തിലൂടെ കടന്നുപോകുന്നവർ ആണെന്നും നമ്മൾ തിരിച്ചറിയണം.
നിലവിലെ സാഹചര്യത്തിൽ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാവും, പ്രത്യേകിച്ചും ഒരു പകർച്ചവ്യാധിയുടെ ഘട്ടത്തിൽ. മുൻപ് 1,00,000 ഇന്ത്യക്കാരെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തിച്ച ചരിത്രം ഇന്ത്യക്കുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അതിന് അത്ര അനുയോജ്യമല്ല. എങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരമാവധി ശ്രമിക്കും എന്ന് തന്നെ കരുതാം.
നമ്മൾ ഇപ്പോൾ എവിടെയാണോ അവിടെ ഏറ്റവും സുരക്ഷിതരായി നിൽക്കാനുള്ള കരുതലുകൾ കൈക്കൊള്ളാൻ മടിക്കരുത്.
4. മറ്റു രോഗങ്ങൾക്ക് ചികിത്സ കിട്ടാതെ ഇരിക്കുന്ന അവസ്ഥ, ജീവിത ശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിച്ചു കൊണ്ടിരുന്നത് മുടങ്ങി പോകുന്ന അവസ്ഥ. ഗൾഫ് രാജ്യങ്ങളിൽ പോകുന്ന പലരും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒരു മാസത്തേക്കോ മറ്റോ ഒക്കെ ഒരുമിച്ചു വാങ്ങി കൊണ്ടുപോവുകയാണ് പതിവ്. അവിടെ മരുന്ന് കിട്ടാനുള്ള ബുദ്ധിമുട്ടും, വില കൂടുതലും ഒക്കെ അവർക്ക് പ്രശ്നമാണ്.
നിലവിലെ സാഹചര്യത്തിൽ ഇത്തരം മരുന്നുകൾ കഴിക്കുന്നവർ ഏതുവിധേനയും അത് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം രോഗങ്ങൾ ഉള്ളവരിൽ രോഗം വന്നുകഴിഞ്ഞാൽ ഗുരുതരമാകാൻ ഉള്ള സാധ്യത കൂടുതൽ ഉള്ളതുകൊണ്ട് തന്നെ.
5. ഏവരും ചെയ്യാൻ ശ്രമിക്കേണ്ട ചില ചെറിയ കാര്യങ്ങൾ ഉണ്ട്.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഊർജ്ജം കണ്ടെത്താൻ ശ്രമിക്കണം. മാനസികവും ശാരീരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്.
സാധിക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക. സമീകൃതാഹാരം, ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കുക. സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുക, സോഷ്യൽ മീഡിയ ക്രിയാത്മകമായ രീതിയിൽ ഉപയോഗിക്കുക, വിനോദവും വ്യായാമവും ശീലമാക്കുക… തുടങ്ങിയ ചെറിയ കാര്യങ്ങൾ മറക്കാതിരിക്കുക. വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ തള്ളുന്നത് പോലെ കുറുക്കുവഴികളും ഒറ്റമൂലികളും ഇല്ല എന്ന് മനസ്സിലാക്കുക.
നിങ്ങളോട് ഭയപ്പെടേണ്ട, ആശങ്കപ്പെടേണ്ട എന്നൊക്കെ ഇവിടെ ഇരുന്നു പറയുന്നത് എത്രത്തോളം അർത്ഥശൂന്യമാണെന്ന് അറിയാം. പക്ഷേ, പറയാതിരിക്കാൻ ആവില്ലല്ലോ. ഞങ്ങൾ മനസ്സുകൊണ്ട് നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങളും നിസ്സഹായരാണ്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. നമ്മൾ അതിജീവിക്കും. ഞങ്ങളും നിങ്ങളും എന്ന വേർതിരിവില്ല. അതുകൊണ്ട് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന് വീണ്ടും പറയുന്നു.
Dr. Manoj Vellanad & Dr. Jinesh P S
Info Clinic

Comments are closed.