1470-490

ആദിവാസി ഊരുകളിൽ കോവിഡ് കാലത്തെ വായനക്കായി അക്ഷര വണ്ടി

കോവിഡ് കാലം വായനക്കായി മാറ്റിവെക്കാൻ സഞ്ചരിക്കുന്ന ലൈബ്രറിയുമായി വാഴച്ചാൽ വനം ഡിവിഷൻ. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ വാഴച്ചാൽ ആദിവാസി ഊരുകളിൽ പുസ്തക വായന ശീലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് അക്ഷരവണ്ടി എത്തുന്നത്. സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം, സിനിമ, പാചകം, പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ആദിവാസി ഊരുകളിലെത്തും. ആവശ്യക്കാർക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം. എടുത്ത പുസ്തകം വായിച്ചു തീർക്കാനായി ഒരാഴ്ച സമയമെടുക്കാം.ഒരാൾക്ക് ഒരു പുസ്തകം എന്ന കണക്കിനാണ് പുസ്തകം വായിക്കാനായി കൊടുക്കുന്നത്. 12 ആദിവാസി ഊരുകളിലേക്ക് വായിക്കാനുള്ള പുസ്തകങ്ങളുമായി അക്ഷരവണ്ടി ആഴ്ചയിൽ ഒരിക്കലാണ് എത്തുക. അക്ഷരവണ്ടി ബി ഡി ദേവസ്സി എം എൽ എ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്ന സാഹചര്യത്തിൽ വായനാശീലം വളർത്തിക്കൊണ്ട് വരുന്നത് നല്ലതാണെന്ന് എം എൽ എ പറഞ്ഞു. ആദിവാസി ഊരുകളിലും വായനയിലൂടെയുള്ള അറിവ് ഈ സമയത്ത് അക്ഷരവണ്ടിയിലൂടെ എത്തുന്ന പുസ്തകങ്ങൾ വഴി വളരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദിവാസി ഊരുകളിലേക്ക് ആവശ്യമായ മാസ്‌ക്കുകൾ എം എൽ എ വിതരണം ചെയ്തു. ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു വാഴക്കാല, വാഴച്ചാൽ ഡി എഫ് ഒ എസ് വി വിനോദ്, ജില്ലാ ട്രൈബൽ ഓഫീസർ ഇ ആർ സന്തോഷ്‌ കുമാർ, റേഞ്ച് ഓഫീസർ നിധിൻ കുമാർ എന്നിവർ സന്നിഹിതരായി.

Comments are closed.