സര്‍വ്വേ കേന്ദ്ര നിര്‍ദേശ പ്രകാരം; വിവര ശേഖരണം സഹായമെത്തിക്കല്‍ എളുപ്പമാക്കാന്‍

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വിവര ശേഖരണം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതെ തൊഴില്‍ വകുപ്പില്‍ സര്‍വ്വേയോട് സര്‍വ്വേ എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നത്.
കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയിരുന്നു. അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡാറ്റാ കളക്ഷന്‍ നിര്‍വഹിച്ചത്. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാക്കുന്നതുകൂടി ലക്ഷ്യം വച്ചായിരുന്നു വിവര ശേഖരണം.
ഇതിനിടെ കേന്ദ്ര ചീഫ് ലേബര്‍ കമ്മീഷണര്‍ എല്ലാ സംസ്ഥാനങ്ങളുടെയും ലേബര്‍ കമ്മീഷണര്‍മാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചു കൂട്ടി. ഇക്കഴിഞ്ഞ ഒന്‍പതിന് വൈകുന്നേരം നടന്ന കോണ്‍ഫറന്‍സില്‍ വിവര ശേഖരണം അടിയന്തരമായി നടത്തി ഏപ്രില്‍ 11-ന് നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍വകുപ്പ് ഇതിനോടകം അതു ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്തമാക്കി.18 കോളങ്ങള്‍ ഉള്ള സ്‌പ്രെഡ് ഷീറ്റാണ് കേരളത്തിലെ തൊഴില്‍ വകുപ്പ് വിവര ശേഖരണത്തിനായി ഉപയോഗിച്ചത്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളുടെയും ഡാറ്റാ ഷീറ്റിന് ഏക മാനം ഉണ്ടാകേണ്ടതിനാല്‍ ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്‌സി കോഡും കൂടി ഉള്‍പ്പെടുത്തി നല്‍കണമെന്നും അത് എക്‌സല്‍ ഷീറ്റിലാക്കണമെന്നും കേന്ദ്ര ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞ വിവരങ്ങള്‍ക്കൊപ്പം പുതുതായി നിര്‍ദേശിക്കപ്പെട്ട രണ്ടു കോളങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് നല്‍കിയത്.
മുന്‍പ് ശേഖരിച്ചിട്ടുള്ള വിവരങ്ങളില്‍ ഓരോ അതിഥി തൊഴിലാളിയുടെയും മൊബൈല്‍ നമ്പരും ക്യാമ്പ് വിവരങ്ങളും ഉള്ളതിനാല്‍ അവരോട് പുതിയ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ വേഗത്തില്‍ സാധിക്കും. ഇത് അധിക ജോലി ഉണ്ടാക്കുകയുമില്ല. ലേബര്‍ ക്യാമ്പുകളില്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ അസി.ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും പ്രതിദിന സന്ദര്‍ശനം നടത്തുന്നുണ്ടെന്നതിനാല്‍ കണക്കെടുക്കല്‍ എളുപ്പമാണ്. സാനിറ്റൈസര്‍, മാസ്‌ക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ലേബര്‍ ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നത്. അതിഥി തൊവിലാളികള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നിരിക്കെ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിക്കുകയെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ജീവനക്കാര്‍ കൊറോണ വൈറസ് ബാധക്കാലത്ത് അമിത ജോലി നല്‍കുന്നുവെന്ന് വരുന്ന വിധത്തിലുള്ള വാര്‍ത്ത സത്യവിരുദ്ധമാണ്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളില്‍ നിന്നും എല്ലാവരും ഒഴിവാകണമെന്നും ലേബര്‍ കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.
Comments are closed.