1470-490

കോട്ടപ്പുറം ചന്ത വ്യാഴാഴ്ചകളിൽ പുനഃസ്ഥാപിക്കുന്നു

കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്ത വ്യാഴാഴ്ച്ച ദിവസങ്ങളിൽ നിർത്തിവെച്ചിരുന്നത് പുന:സ്ഥാപിക്കുവാൻ നഗരസഭ തീരുമാനം. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണം ഉണ്ടായിട്ടും ചന്തയിൽ അമിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കച്ചവടക്കാരുടെയും തൊഴിലാളികളുടെയും നിർദ്ദേശം പരിഗണിച്ച് ചന്ത തിങ്കളാഴ്ച്ച മാത്രമായി നടത്തുവാൻ നഗരസഭ തീരുമാനിച്ചത്. എന്നാൽ ഇനി മുതൽ തിങ്കൾ, വ്യാഴം എന്നീ രണ്ട് ദിവസങ്ങളിലും ചന്തയുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് കൊണ്ടുവരുന്ന വാഹന ഡ്രൈവർമാരെയും
മറ്റും ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ചന്ത ദിവസം വാഹനങ്ങൾ അകത്തേയ്ക്ക് കടത്തിവിടില്ല .തിരക്ക് ഒഴിവാക്കുവാൻ ചന്ത ദിവസങ്ങളിൽ നാട്ടുകാർക്കുള്ള ചില്ലറ കച്ചവടവും അനുവദിക്കില്ല. ബ്രെയ്ക്ക് ദി ചെയിൻ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. കച്ചവടക്കാർ കൈകഴുകുവാൻ സോപ്പും വെള്ളവും നൽകണം. തൊഴിലാളികളും കച്ചവടക്കാരും മാസ്ക്ക് നിർബന്ധമായും ധരിക്കണം നിർബന്ധമായും നിശ്ചിത അകലവും പാലിക്കണം. ഈ നിബന്ധനകൾ പലരും പൂർണ്ണമായി പാലിക്കുന്നില്ലെന്നതിനാൽ പരിശോധന കർശനമാക്കും.
അഡ്വ.വി.ആർ.സുനിൽകുമാർ എം എൽ എ, നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ, തഹസിൽദാർ കെ. രേവ, വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, നഗരസഭ സെക്രട്ടറി അഡ്വ.ടി.കെ.സുജിത്, പോലീസ് എസ്.ഐ. ഇ.ആർ.ബൈജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ടി.വി.റോഷ്, താലൂക്ക് സപ്ളൈ ഓഫീസർ ഐ.വി.സുധീർ കുമാർ, ഫയർ ഏൻ്റ് റസ്ക്യു അസി. സ്റ്റേഷൻ ഓഫീസർ സ്വരാജൻ, കൗൺസിലർമാർ, വ്യാപാരി സംഘടനാ നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments are closed.