1470-490

ദുരിതാശ്വാസ നിധിയിലേക്ക് രുചി വിളമ്പി മതിലകം ഗ്രാമ പഞ്ചായത്ത്

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ‘രുചി’ വിളമ്പി നൽകി ധനസമാഹരണം നടത്തുകയാണ് മതിലകം ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്ത് പ്രദേശത്തെ വീടുകളിലേക്ക് ‘ചിക്കൻ ബിരിയാണി വിൽപ്പന നടത്തിയാണ് പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് ആവശ്യമായ പണം സമ്പാദിച്ചത്. രണ്ടര ലക്ഷമ രൂപയാണ് ഇത് വഴി പഞ്ചായത്തിന് നേടിയത്. 17 വാർഡുകളിൽ നിന്നായി 3000 പേര് ബിരിയാണി ആവശ്യപ്പെട്ടു. ആയിരം പേരെയായിരുന്നു പ്രതീക്ഷിച്ചതെങ്കിലും, മൂവായിരം പേരായതോടെ പദ്ധതി വിജയമായി. . ഒരു പൊതിയ്ക്ക് 100 രൂപ ഇടാക്കിയായിരുന്നു വില്പ്പന.. കമ്മ്യൂണിറ്റി കിച്ചനുമായി തിരക്കായതിനാൽ കുടുംബശ്രീയെ ഒഴിവാക്കി പാചകം പുരുഷന്മാർ ഏറ്റെടുത്തു. വെക്കാനും വിളമ്പാനും എല്ലാം ഇവർ തന്നെ. ഓരോ വാർഡുകളിലെയും പഞ്ചായത്ത് അംഗങ്ങൾ വിതരണചുമതലയുമേറ്റെടുത്തു.

ധനസമാഹാരണത്തിന് വേറിട്ട ആശയം വേണമെന്ന തീരുമാനം ഉയർന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രന്റെ ചിന്തയിലാണ് ചിക്കൻ ബിരിയാണി എന്ന ആശയം ഉടലെടുത്തത്. ദുരിതാശ്വാസ നിധിയിലേക്കായതിനാൽ ജനങ്ങളും നല്ല രീതിയിൽ തന്നെ പ്രതികരിച്ചു. സുമനസ്സുകളുടെ സഹായവും തേടിയെത്തി.ബിരിയാണിയ്ക്കാവശ്യമായ സവാളയും ഉള്ളിയും മുതൽ നല്ലൊരു തുക തന്നെ സംഭാവന നൽകിയവരുണ്ട്. പുതിയ കാവ് ആറാട്ടുകടവിൽ ഷമ്മി ഗഫൂറിന്റെ കുടുംബം 50000 രൂപയാണ് നൽകിയത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ബിരിയാണി വിതരണം ചെയ്തത്. ശനിയാഴ്ച (ഏപ്രിൽ 11) വരെ ബുക്കിംഗ് ഏർപ്പെടുത്തിയിരുന്നെങ്കിലും ഒരു ദിവസം കൊണ്ട് ഇത്രയധികം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബുദ്ധിമുട്ട് കാരണം 3000 പേരായതോടെ ബുക്കിങ് നിർത്തി.

Comments are closed.