1470-490

വാട്സ് ആപ് യൂണിവേഴ്സിറ്റിയിലെ കേശവ മാമൻ മാർ

Dr Augustus Morris

( 1 )ഏതോ കേശവമാമന്മാർ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലൂടെ ഒരു സുപ്രധാന കണ്ടുപിടിത്തം അവതരിപ്പിച്ചു . കൊറോണയെ ചെറുക്കാൻ ”ചെകുത്താന്റെ ആപ്പിൾ ” നല്ലതാണ് . ക്ഷിപ്രവിശ്വാസശീലമുള്ള കുറെ മനുഷ്യർ അതും തേടി അലച്ചിലാരംഭിച്ചു . അന്വേഷണത്തിനൊടുവിൽ അവർ ചെകുത്താന്റെ ആപ്പിൾ കണ്ടെത്തി . ആ ദിവ്യഔഷധം അവർ സേവിച്ചു . പിന്നീട് സംഭവിച്ചത് എന്താണെന്ന് വച്ചാൽ ……..

( 2 ) ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കുറ്റിച്ചെടി തേടിയാണ് ആ മനുഷ്യർ പോയത് . ആ ചെടി രണ്ടു തരം — വെള്ള പൂവ് ഉള്ളതും , നീല / വയലറ്റ് പൂവുള്ളതും . സർവ്വാംഗം വിഷമയമായ ചെടി . ഉരുണ്ട ,പച്ചനിറമുള്ള , ഉപരിതലത്തിൽ മുള്ളുകളുള്ള അതിന്റെ കായ ”’ മുള്ളുള്ള ആപ്പിൾ [ THORN APPLE ] അഥവാ ചെകുത്താന്റെ ആപ്പിൾ [ DEVILS APPLE ] ” എന്നറിയപ്പെടുന്നു . മുളകിന്റെ അരികൾ പോലുള്ള നൂറോളം വിത്തുകൾ ഒരു കായയ്ക്കുള്ളിൽ ഉണ്ടാകും . ആ പാവം മനുഷ്യർ ആ കായയും അതിലെ വിത്തുകളും സേവിച്ചു .

( 3 ) അവർക്ക് നാക്കിൽ ചവർപ്പ് അനുഭവപ്പെട്ടു .വായയും തൊണ്ടയും ഉണങ്ങി .സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു .ആമാശയത്തിൽ തീ പിടിച്ചപോലെ . പിന്നാലെ ഛർദ്ദി .ഒച്ചയടഞ്ഞു .മുഖത്ത് രക്തം ഇരച്ച് കയറി .കണ്ണുകൾ ചുവന്നു .കൃഷ്ണമണികൾ വല്ലാതെ വികസിച്ചു. അടുത്തുള്ളവ കാണാൻ പറ്റാതെയായി .വെളിച്ചത്തെ കണ്ണിലേക്ക് വരുന്നത് അസഹനീയമായി തോന്നി . വെടി കൊണ്ട പോത്തിനെപ്പോലെ പരക്കം പാച്ചിൽ ആരംഭിച്ചു .മൂത്രസഞ്ചി നിറഞ്ഞെങ്കിലും , മൂത്രനാളിയുടെ കവാടങ്ങൾ അടഞ്ഞതിനാൽ മൂത്രമൊഴിക്കാൻ പറ്റുന്നില്ല . വെള്ളമടിച്ച് കോൺ തെറ്റിയവനെപ്പോലെ അവർ പെരുമാറി .ആകെ ആശയക്കുഴപ്പം .ത്വക്ക് വരണ്ടു .ഹൃദയമിടിപ്പ് സെഞ്ചുറിയും കടന്ന് 150 ലേക്ക് പാഞ്ഞു . ശരീര താപനില രണ്ടോ മൂന്നോ ഡിഗ്രി കൂടി .മാംസപേശികൾ വലിഞ്ഞു മുറുകി . പിച്ചും പേയും പറയാൻ തുടങ്ങി . സ്വന്തം വസ്ത്രത്തിൽ നിന്നും അദൃശ്യമായ എന്തൊക്കെയോ വസ്തുക്കൾ അവർ നുള്ളിയെടുക്കാൻ തുടങ്ങി [ Carphologia ]. അവർ അശരീരികൾ കേൾക്കാനും കാണാനും തുടങ്ങി .ക്രമേണ ഹൃദയമിടിപ്പ് കുറഞ്ഞു വന്നു , ശ്വാസഗതി താണുതുടങ്ങി , അബോധാവസ്ഥയിലേക്ക് വീണുപോയ അവർ ക്രമേണ മരണത്തിനു കീഴടങ്ങി .

( 4 ) നുമ്മ ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്നത് ” ഉമ്മം ” എന്ന് മലയാളത്തിലും ” ധാതൂര ” എന്ന് സംസ്കൃതത്തിലും DATURA എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന കുറ്റിച്ചെടിയെ പറ്റിയാണ് . ഇതിന്റെ വിത്തിൽ അടങ്ങിയിരിക്കുന്ന വിഷ ത്രിമൂർത്തികൾ — അട്രോപ്പിൻ ( ATROPINE ) , ഹയോസിൻ ( HYOSCINE ) , ഹയോസയാമിൻ ( HYOSCIAMINE ) എന്നീ ക്ഷാരസംയുക്തങ്ങളാണ് .

( 5 ) ട്രെയിൻ യാത്രികരെ മയക്കിക്കിടത്തി , പണവും മറ്റും കൊള്ളയടിക്കാൻ ” ഉമ്മം ” ഉപയോഗിക്കാറുണ്ട് . 50 വിത്തുകൾ മതിയാകും . എന്നാൽ മരിക്കുവാനോ ആളെ കൊലപ്പെടുത്തുവാനോ 50 – 100 വിത്തുകൾ വേണ്ടിവരും . പാർട്ടികളിലും മറ്റും കമിതാവിന് കൊടുക്കുന്ന പാനീയങ്ങളിൽ ഇത് ചേർത്തുകൊടുത്ത് അടുപ്പം ഉണ്ടാക്കാറുണ്ട് [ LOVE PHILTER ].

( 6 ) ചികിത്സ — ആമാശയ ക്ഷാളനം , ഛർദ്ദിപ്പിക്കൽ , Physostigmine , Pilocarpine , Barbiturates തുടങ്ങിയ മരുന്നുകൾ .ലഘു ഭക്ഷണം , ഇടവേളകളിലെ വയറിളക്കൽ etc etc ….മരിച്ചയാളുടെ ശരീരം അഴുകി തീർന്നാലും DEVILS APPLE വിത്തുകൾ ദീർഘകാലം കുഴപ്പമില്ലാതെ കിടക്കും .

NB — മാങ്ങാണ്ടിയ്ക്ക് വൃക്കയുടെ ആകൃതിയായതിനാൽ , കിഡ്‌നി രോഗങ്ങൾക്ക് മാങ്ങാണ്ടി പൊടിച്ച് കഴിച്ചാൽ മതി എന്ന് പറയുന്ന ചിത്തഭ്രമക്കാരന് ലക്ഷക്കണക്കിന് അനുയായികളുള്ള പ്രബുദ്ധ ജനത , ചെകുത്താന്റെ ആപ്പിൾ കഴിച്ച് മരണപ്പെട്ടവരെ പരിഹസിക്കാൻ ഇറങ്ങിയിട്ടുണ്ട് . വൃഷണ വീക്കത്തിന് കശുവണ്ടിപ്പൊടി ബെസ്റ്റാണ് എന്ന പ്രഖ്യാപനം ഉടനെയെങ്ങാനും ഉണ്ടാകുമോ ” ലെ ” വൈദ്യാ ?

Comments are closed.