1470-490

ഒരു ചെറിയ ഗുളിക കഴിച്ചാൽ മാറുന്നതിനെ മന്താക്കി മാറ്റുന്നവർ

Dr Augustus Morris

( 1 ) ” മിനിമം ചാർജ്ജ് കൊടുത്തു പോകാവുന്ന ദൂരത്തിനപ്പുറം ഞാൻ യാത്ര ചെയ്തിട്ടില്ല ”…. വല്ലാത്തൊരു നിർവികാരതയോടെ അയാൾ പറഞ്ഞു . ബസ്സിൽ കയറാൻ നേരം കാലുകളുടെ ഭാരവ്യത്യാസം കാരണം ബാലൻസ് തെറ്റും , മുണ്ട് മടക്കിയുടുക്കാൻ വയ്യ , തീക്ഷ്‌ണമായ അറപ്പ് നിറഞ്ഞ നോട്ടങ്ങൾ …വയ്യ , സഹിക്കാൻ വയ്യ . എങ്ങോട്ടേക്കും ഇല്ല . മഴക്കാലമാകുമ്പോൾ നാടാകെ വെള്ളക്കെട്ട് . എല്ലാവരും വസ്ത്രങ്ങൾ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ , സാരിയും പാവാടയും പൊക്കിപ്പിടിക്കാനാവാതെ നടന്നുപോകേണ്ട ഗതികേടിനെപ്പറ്റി ആ വീട്ടമ്മയും സങ്കടത്തോടെ സംസാരിച്ചു .

( 2 ) മനുഷ്യ ശരീരത്തിലെ രക്തചംക്രമണവ്യവസ്ഥയെ പറ്റി …… പ്രാണവായു [ ഓക്സിജൻ ] ഏറെയുള്ള രക്തം ശരീരമെമ്പാടും എത്തിയ്ക്കുന്നത് ധമനികൾ [ artery ] .അവയിൽ നിന്നും ചെറു ശാഖകളായ ലോമികകളിലൂടെ [ capillary ] , കോശങ്ങളിൽ എത്തുന്നു . ജീവൻ നിലനിർത്താനാവശ്യമായ ഉപാപചയ പ്രവർത്തനങ്ങൾക് ശേഷം [ metabolism ] , മാലിന്യമായ കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ രക്തം സിരകളിലൂടെ [ vein ] തിരികെ ശ്വാസകോശത്തിലേക്ക് പോകുന്നു . സിരോവ്യൂഹത്തോടൊപ്പം ലസികാവ്യൂഹം [ lymphatic system ] എന്നറിയപ്പെടുന്ന മറ്റൊരു വ്യവസ്ഥയിലൂടേയും കുറച്ച് ഭാഗം തിരികെ പോകുന്നു . വെളുത്ത രക്താണുക്കൾ ,കൊഴുപ്പ്കണങ്ങൾ എന്നിവയാൽ സമ്പന്നമായ വെളുത്ത നിറത്തിലുള്ള ദ്രാവകം — ലസികാ ദ്രവം [ lymph ] — വഹിച്ച് കൊണ്ടുപോകുന്ന കുഴലുകൾ ” ലസികാ നാളികൾ ” എന്നറിയപ്പെടുന്നു .അതിലാണ് കഴല ഗ്രന്ഥികൾ അഥവാ lymph nodes എന്നറിയപ്പെടുന്ന , വെളുത്ത രക്താണുക്കളുടെ കോട്ടകൾ നിലകൊള്ളുന്നത് .

( 3 ) ലോകം കീഴടക്കാനിറങ്ങിയ അലക്‌സാണ്ടർ ചക്രവർത്തി , ഒരു നിസ്സാരക്കാരന്റെ കുത്തേറ്റാണ് മരിച്ചത് . മറ്റാരുടേയുമല്ല , ഒരു കൊതുകിന്റെ . കൊതുക് പരത്തുന്ന അസുഖങ്ങൾ നിരവധിയാണ് .അതിലൊന്നാണ് മന്ത് [ filaria ]. മന്തിന്റെ കുഞ്ഞുവിരകൾ , microfilaria , ലസികാവ്യൂഹത്തിൽ തടസ്സം സൃഷ്ടിക്കുന്നു , ലസികാനാളികൾ വല്ലാതെ വീർക്കുന്നു ,തൽഫലമായി രോഗം ബാധിച്ച അവയവവും വല്ലാതെ ചീർക്കുന്നു – ലളിതമായി പറഞ്ഞാൽ ഇതാണ് മന്ത് . കാലും വൃഷണവും മാറിടവും യോനീതടങ്ങളും കക്ഷവും മറ്റും വീർത്തുവരുന്ന അവസ്ഥ , രോഗത്തിന്റെ അന്തിമ ഘട്ടമാണ് . കുഞ്ഞുവിരകൾ അകത്തു കയറുമ്പോൾ നിസ്സാരമായ ഒരു ഗുളിക — DEC — കഴിച്ചാൽ മാറ്റിയെടുക്കാവുന്ന ഒരു രോഗം .പക്ഷേ , അജ്ഞത മൂലമോ , പിടിവാശി മൂലമോ ആൾക്കാർ അതിനെ സ്വീകരിക്കാതിരിക്കുമ്പോൾ , ഒരാൾ മന്ത് രോഗിയായി മാറുന്നു .

( 4 ) ലസികാദ്രവത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുമ്പോൾ , അതിൽ സൂക്ഷ്മാണുക്കൾ [ bacteria ] പെരുകാനിടവരുന്നു , അണുബാധ ഉണ്ടാകുന്നു . കടുത്ത വിറയലും പനിയും ഉണ്ടാകുന്നു . വ്രണങ്ങൾ ഉണ്ടാകാം . അതിൽനിന്നും ദുർഗന്ധം വമിക്കും . രോഗി വീണ്ടും ഒറ്റപ്പെടും .

( 5 ) രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനും , അണുബാധ പോലെയുള്ള കാര്യങ്ങൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച പദ്ധതിയാണ് MMDP [ Morbidity Management & Disability Prevention ].അതിൽ രോഗബാധിത പ്രദേശം വൃത്തിയായി സൂക്ഷിക്കുക എന്നത് വലിയ പ്രാധാന്യം അർഹിക്കുന്നു .

( 6 ) സർക്കാർ ആശുപത്രികളിൽ പലയിടത്തും ഫൈലേറിയ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട് .അവിടെ രോഗികളുടെ മന്ത് ബാധിച്ച ഇടം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക , വിരലുകളുടെ ഇടയിലും മറ്റും ജലാംശം നിൽക്കാത്ത വിധത്തിൽ നന്നായി ഉണക്കിയെടുക്കുക , അണുബാധ ഉണ്ടാകാതെ നോക്കുക ,രോഗികൾക്കാവശ്യമായ മരുന്നും മറ്റും മുടക്കമില്ലാതെ നൽകുക , മനോബലം പകരുക , സാമൂഹ്യമായ അയിത്തം ഇല്ലായ്മ ചെയ്യുക — അങ്ങനെ ഒരുപിടി കാര്യങ്ങൾ ഫൈലേറിയ ക്ലിനിക്കുകളിലൂടെ നടപ്പിലാക്കി വരുന്നു .

NB — സയൻസിന്റെ കാലുകഴുകലിന് ജാതി മത ലിംഗ വർണ ഭാഷാ ദേശ വ്യത്യാസങ്ങളില്ല . അത് എല്ലാ ദിവസവും മുടക്കമില്ലാതെ ചെയ്യുന്ന ഒന്നാണ് . കഴിവതും എല്ലാവർക്കും പങ്കെടുക്കാവുന്ന പരിപാടി . തന്മയീഭാവം ഉള്ളവർക്ക് , മറ്റൊരുവന്റെ അവസ്ഥ സ്വയം ഉൾക്കൊള്ളാൻ കഴിയുന്ന ഏതൊരു മനുഷ്യനും ചെയ്യാൻ കഴിയുന്ന ഒന്ന് .അറിയുക , അസുഖം വരുന്നത് ആരുടേയും കഴിവുകേടല്ല & അസുഖം വരാതിരുന്നത് ആരുടേയും മിടുക്കുമല്ല .

Comments are closed.