1470-490

അശരണരായ രോഗികൾക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടി പൊലീസ്

ലോക്ക് ഡൗൺ മൂലം മരുന്നുകൾ ലഭിക്കാതിരുന്ന രോഗികൾക്ക് കൃത്യസമയത്ത് അത്യാവശ്യ മരുന്നുകൾ എത്തിച്ച് നൽകുകയാണ് പരപ്പനങ്ങാടി പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരപ്പനങ്ങാടി, ചിറമംഗലം സ്വദേശികളായ ഡയാലിസിസ്, കാൻസർ രോഗികൾക്കാണ് സഹായവുമായി പരപ്പനങ്ങാടി പോലീസ് ഉദ്യോഗസ്ഥർ സേവന സന്നദ്ധരായി വന്നത്. മരുന്നുകൾ തീർന്നു പോയ വിവരം ലഭിച്ചയുടനെതന്നെ തിരുവനന്തപുരം ആർ.സി.സി യിലെ ഡോക്ടർമാരുമായി സംസാരിച്ച് മരുന്നുകൾ ഫയർഫോഴ്സിന്റ സഹായത്തോടെ തിരൂരിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പോലീസ് അവ ശേഖരിച്ച് നെടുവ സ്വദേശിയായ റസൽ റഹ്മാന് കൈമാറി. ചിറമംഗലം സ്വദേശി കുമാരൻ എന്നവർക്ക് അത്യാവശ്യമായ ഡയാലിസിസ് മരുന്നുകൾ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ എത്തിച്ചു നൽകിയിരുന്നു.. കോവിഡ് ഭീഷണിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി രാപ്പകൽ ഭേദമന്യേ കർമ്മനിരതരായി നിരത്തുകളിൽ ഓടി നടക്കുന്നതിനിടയിലും ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തുന്നുണ്ട്. അടിയന്തിരമായി മരുന്ന് ആവശ്യമുള്ള രോഗികൾ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

Comments are closed.