1470-490

കോവിഡിനെ പ്രതിരോധം: പ്രായം മറന്ന് മാസ്‌ക്കുണ്ടാക്കി ചിദംബരൻ; വയോജന അയൽക്കൂട്ടങ്ങൾ സജീവം


കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി തൃശൂർ ജില്ലയിലെ വയോജന അയൽക്കൂട്ടം അംഗങ്ങൾക്ക് കുടുംബശ്രീ നിരവധി അവസരങ്ങൾ ഒരുക്കുന്നു. ഗുരുവായൂർ നഗരസഭയിലെ കുടുംബശ്രീയുടെ കനിവ് വയോജന അയൽക്കൂട്ടത്തിലെ ചിദംബരന്റെ സംരംഭങ്ങൾ ശ്രദ്ധേയമാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 1200 മാസ്‌ക്കുകൾ സ്വന്തമായി തയ്ച്ചു നൽകിയാണ് ഗുരുവായൂരിലെ പന്ത്രണ്ടാം വാർഡിലെ ചിദംബരൻ രംഗത്തെത്തിയിരിക്കുന്നത്. തയ്ച്ച മാസ്‌ക്കുകൾ അയൽക്കൂട്ടത്തിന്റെ സഹായത്തോടെ വാർഡിലെ അറുപത് കുടുംബങ്ങളിലെ വയോജനങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായി നൽകി. കുടുംബശ്രീയ്ക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്ക് വേണ്ടി ഏപ്രണുകളും ചിദംബരൻ നിർമ്മിച്ചു നൽകുന്നുണ്ട്.
60 വയസ്സിന് മുകളിൽ പ്രായമായവരുടെ മാനസിക ഉല്ലാസവും, കൂട്ടായ്മയും, സാമ്പത്തിക ഉന്നമനവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നതാണ് കുടുംബശ്രീയുടെ വയോജന അയൽക്കൂട്ടങ്ങൾ. തയ്യലിന് പുറമേ മുട്ടകോഴി വളർത്തൽ, അലങ്കാര മത്സ്യം, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയും ചിദംബരന്റെ വിനോദങ്ങളാണ്. കരകൗശല വസ്തുക്കളിൽ അധികവും ഒഴിഞ്ഞ ചില്ല്കുപ്പികൾ, മുട്ടത്തോട്, പേപ്പർ, മുത്തുകൾ എന്നിവയിൽ ചായം തേച്ച് അലങ്കരിച്ചവയാണ്. പ്രായമായവർക്ക് ജീവിതത്തിൽ മുന്നേറാനുള്ള ആത്മവിശ്വാസം നൽകാൻ വയോജന അയൽക്കൂട്ടങ്ങൾക്ക് സാധിക്കുന്നുവെന്നാണ് ചിദംബരന്റെ അഭിപ്രായം. കൊറോണകാലത്ത് പറ്റാവുന്ന കാര്യങ്ങൾ ചെയ്യാനാകുന്നതിന്റെ സംതൃപ്തിയിലാണ് വയോജന അയൽക്കൂട്ടത്തിലെ മറ്റ് അംഗങ്ങളും.

Comments are closed.