1470-490

ലോക്ക് ഡൗൺ കാലം വായനക്കാലമാക്കി അഴീക്കോട് ഗ്രാമീണ വായനശാല


കോവിഡ് കാലം ഇനി മുതൽ വായനക്കാലം. ലോക്ക് ഡൗൺ കാലത്ത് ഓരോ ആളുകളും വീടുകൾക്കുള്ളിലേയ്ക്ക് ചുരുങ്ങിയപ്പോൾ, ബോറടി മാറ്റാൻ പലരും ആശ്രയിച്ചത് പുസ്തകങ്ങളെയാണ്. പുസ്തകം കാണുമ്പോൾ തന്നെ ഉറക്കം വരുന്നവർ പോലും വായിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ വായനയുടെ വസന്തം തീർക്കാൻ രംഗത്തെത്തിയിരിക്കുകയാണ് എറിയാട് പഞ്ചായത്തിലെ അഴീക്കോട് ഗ്രാമീണ വായനശാല. പുസ്തകം ആവശ്യമുള്ളവർക്ക് ആനുകാലികങ്ങളും പുസ്തകങ്ങളും വീട്ടിൽ എത്തിച്ചു നൽകിയാണ് ഗ്രാമീണ വായനശാല മാതൃകയാവുന്നത്. ലോക്ക് ഡൗൺ കാലം വായനക്കാലമാക്കാമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ തീരുമാന പ്രകാരമാണ് പുസ്തകവിതരണം. വായനശാലയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കാണ് പുസ്തകം എത്തിച്ചു നൽകുന്നത്. വായനശാലയിൽ അംഗമല്ലാത്തവർക്കും പുസ്തകം എത്തിച്ചു നൽകും എന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അന്നത്തെ ആശയങ്ങളിൽ ആകൃഷ്ടരായ കുറച്ചാളുകളിലൂടെ 1938ലാണ് വായനശാലയുടെ പിറവി. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ ഗ്രെയ്ഡ് അംഗീകാരമുള്ള ഈ വായനശാലയിൽ 14000 പുസ്തകങ്ങളും മുതിർന്നവരും കുട്ടികളുമായി 500 അംഗങ്ങളുമുണ്ട്. കുട്ടികൾക്ക് പ്രത്യേകം- ചിൽഡ്രൻസ് ലൈബ്രറി വായനശാലയിൽ പ്രവർത്തിക്കുന്നു. വനിതാ വിഭാഗം, യുവാക്കളുടെ വിഭാഗം എന്നിവയുമുണ്ട്. എല്ലാമാസവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു വരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിന് എഡ്യൂവില്ലേജ് എന്ന വിദ്യാഭ്യാസ പ്രവർത്തകരുടെ ഒരു ടീമും ഇവിടെ പ്രവർത്തിക്കുന്നു. കൊടുങ്ങല്ലൂർ താലൂക്കിലെ മികച്ച ലൈബ്രറി പുരസ്‌കാരം, വായനാ പക്ഷാചരണം മികച്ച രീതിയിൽ നടത്തിയതിനുള്ള പുരസ്‌കാരം എന്നിവ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നും ലഭിച്ചിട്ടുണ്ട്.
വായനശാലയുടെ കീഴിൽ വായനക്കാലം പദ്ധതി ആരംഭിച്ചപ്പോൾ നിരവധി പേരാണ് ഈ സമയത്ത് പുസ്തകം ചോദിച്ചെത്തുന്നത്. എം.ടിയും കാക്കനാടനും ബഷീറും തകഴിയും എം മുകുന്ദനും ടി.ഡി.രാമകൃഷ്ണനും, സുഭാഷ് ചന്ദ്രനും എന്നുവേണ്ട പഴയതും പുതിയതുമായ ആളുകളെ വായിക്കുകയാണ് എല്ലാവരും. ആർക്ക് വേണമെങ്കിലും പുസ്തകങ്ങൾ നേരിട്ടോ വാട്സാപ്പിലൂടെയോ ആവശ്യപ്പെടാം. പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിക്കും. വായിക്കാൻ താൽപര്യമുള്ളവർ 75580 65946, 95390 76767,99467 41855 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ പുസ്തകത്തിന്റെ പേര് അറിയിക്കണമെന്ന് വായനശാല പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ നൗഷാദ് കൈതവളപ്പിൽ പറഞ്ഞു.

Comments are closed.