1470-490

ദുരിതാശ്വാസ നിധിയിലേക്ക് വായ്പയെടുത്ത് സംഭാവന; ജോർജേട്ടൻ വക


സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകാൻ ചിലരെങ്കിലും മടിക്കുമ്പോഴാണ് വായ്പയെടുത്ത 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് തൃശൂർ ഒല്ലൂക്കര സ്വദേശി ജോർജ് താഴത്ത്. മാനവികത ആവശ്യപ്പെടുന്ന മേഖലകളിലെല്ലാം നിറ സാനിധ്യമാണ് മുൻ കെ.എസ്.എഫ്.ഇ ജീവനക്കാരനായ ഈ 71കാരൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത് ആദ്യമായല്ല ഇദ്ദേഹം സംഭാവനകൾ നൽകുന്നത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ജോർജേട്ടന്റെ സംഭാവനകൾ ദുരിതാശ്വാസ നിധിയിൽ എത്തിയിരുന്നു. സർക്കാരിന്റെ കർമ്മശേഷിയും മികച്ച രീതിയിലുള്ള ഫണ്ട് വിനിയോഗവും സംഭാവനകൾ നൽകാൻ സുമനസ്സുകൾക്ക് പ്രേരണയേകും എന്ന് അടിവരയിടുന്നുണ്ട് ഇദ്ദേഹം.
നാട്ടിൽ അവയവ ദാനത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുന്ന അനശ്വര എന്നൊരു സംഘടനയുടെ സെക്രട്ടറിയാണ് ഇദ്ദേഹം. ഈ സംഘടനയിലൂടെ ഇന്നുവരെ 25 പേർ കണ്ണുകൾ ദാനം ചെയ്തുകഴിഞ്ഞു. ഇതിന് പുറമേ പാതയോരത്ത് മരങ്ങൾ നട്ട് വളർത്തലും ജൈവകൃഷിയുമൊക്കെയായി സദാസമയം ബിസിയാണ് ജോർജേട്ടൻ. എല്ലാ പ്രവൃത്തികൾക്കും പിന്തുണയേകി ഭാര്യ ലീല ജോർജും കുടുംബവും കൂടെയുണ്ട്.

Comments are closed.