കോവിഡ് 19 പുതിയ വിവരങ്ങള്‍

രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
കോവിഡ് 19 പ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്ധന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ശ്രീ. അശ്വനി കുമാര്‍ ചൗബേയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
രാജ്യത്തെ ഓരോ ജില്ലയിലും പ്രത്യേക കോവിഡ് 19 ആശുപത്രികള്‍ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. ഹര്‍ഷ് വര്ധന് പറഞ്ഞു. ഇക്കാര്യം ജനങ്ങളെ എത്രയും വേഗം അറിയിക്കാനുള്ള നടപടികളും സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകരും മറ്റു ജീവനക്കാരും ഏതൊക്കെ തരത്തിലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ (www.mohfw.gov.in) മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയുടെ വിവേക പൂര്‍വമായ ഉപയോഗത്തെ കുറിച്ച് സംസ്ഥാനങ്ങളും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
ആശുപത്രിയുടെ വിവിധ മേഖലകളില്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം വ്യക്തമാക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ലിങ്കില്‍ ആ വീഡിയോ ലഭ്യമാകും: https://www.youtube.com/watch?v=LzB5krucZoQ&feature=youtu.be
‘ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേര്‍ഡ്നെസ് പാക്കേജിന്’ കേന്ദ്ര സര്‍ക്കാര്‍ 15,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കും കോവിഡ് 19 നു പ്രാഥമിക പരിഗണന കൊടുത്ത് രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഉപയോഗിക്കാം. ഇത് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ), ഐസൊലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അവശ്യ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനും മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കാനും ഈ തുക ഉപയോഗിക്കാനാകും.
രാജ്യത്തെ 39 വ്യവസായ സംരംഭകര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) വികസിപ്പിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിട്ടുമുണ്ട്.
ഏകദേശം 20.4 ലക്ഷം എന്‍ 95 മുഖാവരണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. കൂടാതെ വരും കാലങ്ങളില്‍ വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ സംഭരണവും ആരംഭിച്ചു. ഇതിനു പുറമെ 49, 000 വെന്റിലേറ്ററുകള്‍ക്കായി ഓര്‍ഡര്‍ നല്‍കുകയും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കരുതുകയും ചെയ്തു.
രക്തത്തിന്റെയും രക്തഘടകങ്ങളുടെയും ആവശ്യത്തിനുള്ള സംഭരണം ഉറപ്പു വരുത്തുന്നതിനായി രക്തസംക്രമണം, സ്വമേധയാ ഉള്ള രക്തദാനം എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൊണ്ടു മാത്രം ജീവന് രക്ഷിക്കാന്‍ കഴിയുന്ന രോഗികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവ സംബന്ധച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/NBTCGUIDANCEFORCOVID19.pdf
കോവിഡ് 19 രോഗികളുമായി ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഐസിയു കേസുകള്‍, ഉയര്‍ന്ന അപകട സാധ്യതയുള്ള സമ്പര്‍ക്കങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഉള്ളവരുടെ ആവശ്യത്തിനായി പ്രതീക്ഷിക്കുന്നത് ഒരു കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യു) ഗുളികകളാണ്. എന്നാല്‍ 3.28 കോടി ഗുളികകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ഇത് രാജ്യത്തെ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമുള്ളതിന്റെ മൂന്നു മടങ്ങ് കൂടുതലാണ്. ഇതിനു പുറമെ, ഏകദേശം രണ്ടോ മൂന്നോ കോടി അധികം സംഭരിച്ചിട്ടുമുണ്ട്.
ഗര്‍ഭാവസ്ഥ, ലേബര്‍ മാനേജ്മെന്റ് എന്നിവയെ കുറിച്ചുള്ള ഓണ്‍ലൈന്‍ പരിശീലനം എയിംസ് അവരുടെ വെബിനാറുകളുടെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. അവ ഈ ലിങ്കില്‍ ലഭ്യമാണ്.
നിലവിലെ കണക്കനുസരിച്ച്, 146 സര്‍ക്കാര്‍ ലാബുകള്‍, 67 സ്വകാര്യ ലാബുകള്‍ എന്നിവയിലെ 16,000 ലധികം ശേഖരണ കേന്ദ്രങ്ങളിലൂടെ പരിശോധനാ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2020 ഏപ്രില്‍ 9 ന് ഏകദേശം 16,002 പരിശോധനകള്‍ നടത്തി. അതില്‍ 320 എണ്ണം പോസിറ്റീവ് ആണെന്ന് കണ്ടെത്തി (ഏകദേശം 2 ശതമാനം). എങ്കിലും ശേഖരിച്ച സാമ്പിളുകളെ ആശ്രയിച്ച് ഈ കണക്ക് ദിനംതോറും വ്യത്യാസപ്പെടാം.
നിലവില്‍ 6412 കോവിഡ് കേസുകളും 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുഖം പ്രാപിച്ച 503 പേര് ആശുപത്രി വിട്ടു.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
Comments are closed.