1470-490

കോവിഡ് 19: കൈവിട്ടുപോകുമായിരുന്ന സാഹചര്യം നിയന്ത്രണവിധേയമാക്കിയത് സംസ്ഥാന സർക്കാർ – സാറാജോസഫ്


കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടുപോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. തൃശൂരിലെ വീട്ടിൽ ഐ&പിആർഡിയോട് സംസാരിക്കുകയായിരുന്നു അവർ. സർക്കാർ, ആരോഗ്യപ്രവർത്തകർ, പോലീസ്, ജനങ്ങൾ എന്നിവരുടെ കൂട്ടായ്മയാണ് രോഗവ്യാപനം തടഞ്ഞത്. സർക്കാരിന്റെ ഫലപ്രദമായ നേതൃത്വത്തിന് കീഴിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിൽ ഉളളവർ വരെ കഠിനപ്രയതനം നടത്തി. ആരോഗ്യപ്രവർത്തകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ മുതൽ ശുചീകരണ ജീവനക്കാർ വരെ ഏകമനസ്സോടെ പ്രവർത്തിച്ചു. ലോകരാഷ്ട്രങ്ങളിൽ എവിടെയും ഈ ഭദ്രത ഉളളതായി തോന്നുന്നില്ല. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളെ ഒരുക്കുന്നത് പോലീസ് വഹിക്കുന്ന പങ്ക് വലുതാണ്. പൊരിവെയിലത്ത് ജനങ്ങളുടെ രക്ഷയ്ക്കായി അവർ വഹിക്കുന്ന പങ്ക് കണ്ടാൽ സങ്കടം വരും. ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നു. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ലോക്ക് ഡൗൺ ലംഘനങ്ങൾ വളരെ കുറച്ച് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. നെഹ്‌റുവിന്റെ കാലം മുതൽ നാം പിന്തുടരുന്നത് ജനങ്ങളുടെ ജീവന് വിലകൽപിക്കുന്ന ആരോഗ്യനയമാണ്. കേരളത്തിൽ കോവിഡിന്റെ വ്യാപനം തടഞ്ഞത് പൊതുമേഖലയാണ്. വികസിത രാജ്യങ്ങൾക്ക് ഇല്ലാതെപോയതും അതാണ്. അവർക്ക് വലിയ പടക്കോപ്പുകളും അണുവായുധങ്ങളും ഉണ്ടായേക്കാം പക്ഷേ അത്യാവശ്യ സന്ദർഭങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന ഒരു സംവിധാനം ഇല്ലാതെ പോയി. അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം കയ്യിൽ ഒന്നുമില്ലാത്തവർ എന്തു ചെയ്യും എന്ന വെവലാതി പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. റേഷൻ, ഭക്ഷ്യകിറ്റ്, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന തൊഴിലാളികൾക്കുളള സംരക്ഷണം എന്നിവയെല്ലാം ഒന്നുമില്ലാത്തവരെ കരുതിയാണ്. ഇതിൽ സംസ്ഥാന സർക്കാർ പ്രകടിപ്പിച്ച പ്രതിബദ്ധത അഭിനന്ദനീയമാണെന്നും അവർ പറഞ്ഞു.

Comments are closed.