1470-490

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾ സജീവമാക്കി പുന്നയൂർക്കുളം പഞ്ചായത്ത്


നിരാശ്രയർ, തൊഴിലാളികൾ എന്നിങ്ങനെ അർഹമായ കൈകളിലേക്ക് ഭക്ഷണം കൃത്യമായി എത്തണമെന്ന ലക്ഷ്യത്തോടെ പുന്നയൂർക്കുളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ. ക്യാമ്പിലേയ്ക്കും വീടുകളിലേക്കുമായി ദിവസവും നൂറ് കണക്കിന് ആളുകൾക്കാണ് പഞ്ചായത്ത് ഭക്ഷണം വിതരണം ചെയ്യുന്നത്. അതിനായി സജ്ജരായ സന്നദ്ധ പ്രവർത്തകർ നാട്ടിൽ തന്നെയുണ്ട്.
ദിവസം കഴിയും തോറും ഭക്ഷണ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്നു. തലേദിവസം വൈകീട്ട് 6ന് അടുത്ത ദിവസത്തേക്കുള്ള ഭക്ഷണ വിതരണത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. കറികൾക്ക് ആവശ്യമായ കായ്കറികൾ അരിഞ്ഞുവെയ്ക്കാനും കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നാട്ടുകാരും കൂടും. പിറ്റേന്ന് രാവിലെ 7ന് ആരംഭിച്ച് 11 മണിയോടെ ചോറ്, ഒരു കറി, ഉപ്പേരി/കൂട്ടുകറി, അച്ചാർ എന്നിവയടങ്ങിയ ഭക്ഷണം തയ്യാറാകും.
അടുത്ത ഘട്ടത്തിൽ 12 മണിയോടെ പായ്ക്കിംഗ് പൂർത്തിയാകും. അപ്പോഴേയ്ക്കും ഭക്ഷണ വിതരണത്തിനുള്ള വാഹനങ്ങളും സന്നദ്ധ പ്രവർത്തകരും എത്തും. വിതരണം സുഖമമാക്കുന്നതിന് പുന്നയൂർക്കുളം പഞ്ചായത്തിനെ മൂന്ന് മേഖലകളാക്കി തിരിച്ചിരിക്കുകയാണ്. അതത് മേഖലകളിലേക്കുള്ള വണ്ടികളിൽ എണ്ണമനുസരിച്ച് ഭക്ഷണ പൊതികൾ കയറ്റി അവശ്യക്കാരിലേക്ക് എത്തിക്കും.
ഇത്തരത്തിൽ സജീവമായാണ് പുന്നയൂർക്കുളത്തെ കമ്മ്യുണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ്, സെക്രട്ടറി ഷിബുദാസ് തുടങ്ങി പഞ്ചായത്ത് അംഗങ്ങൾ രാവും പകലും പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്: കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുന്നയൂർക്കുളം പഞ്ചായത്തിലെ അംഗങ്ങൾ
പുന്നയൂർക്കുളം പഞ്ചായത്തിൽ
കുടിവെള്ള വിതരണം തുടങ്ങി
ആളുകൾക്ക് കുടിവെള്ളക്ഷാമം നേരിടാതിരിക്കാൻ പുന്നയൂർക്കുളം പഞ്ചായത്ത് കുടിവെള്ള വിതരണം തുടങ്ങി. ലോക്ക് ഡൗണിൽ കുരുങ്ങി പുറത്തിറങ്ങാൻ കഴിയാത്തവർക്ക് കുടിവെള്ളത്തിനായി ഇനി പഞ്ചായത്തിനെ സമീപിക്കാം. അതിനായി അതത് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി. കുടിവെള്ളം ആവശ്യമുള്ളവർ വാർഡ് മെമ്പർമാരെ വിളിക്കാം. മണിക്കൂറുകൾക്കുള്ളിൽ വെള്ളം വീട്ടു പടിക്കലെത്തും.
വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ധിമുട്ട് അനുഭവിക്കരുതെന്ന് നിർബന്ധംമുള്ളത് കൊണ്ടാണ് ഈ തീരുമാനമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു. 0487 2542243 എന്ന പഞ്ചായത്ത് ഹെൽപ് ഡെസ്‌കിലും വിളിക്കാവുന്നതാണ്.

Comments are closed.