വിളവെടുപ്പിന് പാകമായ മൂന്നുറ് കിലോയിലേറെ വെള്ളരിക്ക മോഷണം പോയതായി പരാതി.

വിളവെടുപ്പിന് പാകമായ മൂന്നുറ് കിലോയിലേറെ വെള്ളരിക്ക മോഷണം പോയതായി പരാതി. ചൂണ്ടൽ പഞ്ചായത്തിലെ ആയമുക്ക് പുലിച്ചക്കാട്ട് പാടശേഖരത്തിലെ കൃഷിയിടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി വെള്ളരിക്ക മോഷണം പോയത്. അഞ്ച് സെന്റ് സ്ഥലത്ത് കൃഷിയിറക്കിയ വെള്ളരിക്കയാണ് വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മോഷണം പോയത്. മികച്ച യുവ കർഷകനുള്ള പുരസ്ക്കാരത്തിനർഹനായ തൈക്കാട്ടിൽ സത്യൻ എന്ന കർഷകന്റെ കൃഷിയിടത്തിൽ നിന്നാണ് വെള്ളരിക്ക മോഷണം പോയിട്ടുള്ളത്. കാലങ്ങളായി കൃഷി ചെയ്തിരുന്ന സത്യൻ രോഗ ബാധിതനായ ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃഷി ചെയ്തിരുന്നില്ല. ഈ വർഷം സഹോദരന്റെ സഹായത്തോടെയാണ് രോഗാവസ്ഥകൾക്കിടയിലും കൃഷിയിറക്കിയത്. ഒന്നര ഏക്കറിൽ 5 സെന്റിൽ വെള്ളരിയും, ബാക്കി സ്ഥലത്ത് പയറുമാണ് കൃഷിയിറക്കിയിരുന്നത്. വിഷുവിപണി ലക്ഷ്യം വെച്ചാണ് വെള്ളരിയും പയറും കൃഷി ചെയ്തത്. കണിവെയ്ക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള വെള്ളരിയാണ് സത്യൻ കൃഷി ചെയ്തിരുന്നത്. പലിശയ്ക്ക് പണമെടുത്തും കടം വാങ്ങിയും ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് സ്വപ്നം കണ്ടിരുന്ന സത്യന് ഇരുട്ടടിയായിരിക്കുകയാണ് ഈ മോഷണം. കഴിഞ്ഞ ദിവസം വിളഞ്ഞ് കിടന്നിരുന്നു കിലോ വെള്ളരിക്ക സത്യൻ 20 രൂപ നിരക്കിൽ സമീപത്തുള്ള കടയിൽ വിൽപ്പന നടത്തിയിരുന്നു. ബാക്കി അടുത്ത ദിവസം വിളവെടുപ്പ് നടത്തി വിൽപ്പന നടത്താൻ പദ്ധതിയിട്ടിരിക്കെയാണ് സാമൂഹ്യ വിരുദ്ധർ വെള്ളരിക്ക മുഴുവനായും കവർന്നത്. മേഖലയിൽ ഇത്തരം സംഭവം ആദ്യമായാണെന്നും ഇതിന് പിന്നിലുള്ള സാമൂഹ്യ വിരുദ്ധരെ കണ്ടെത്താൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം പറഞ്ഞു. പാടശേഖര സമിതി ഭാരവാഹികൾ മോഷണത്തെ സംബന്ധിച്ച് കുന്നംകുളം പോലീസിൽ പരാതി നൽകി. കൃഷി ഓഫീസർ എസ്. സുമേഷ്, മേഖലയിലെ മറ്റ് കർഷകർ എന്നിവർ മോഷണ വാർത്ത അറിഞ്ഞ് കൃഷിയിടത്തിൽ എത്തിയിരുന്നു.
Comments are closed.