1470-490

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ലോക്ക്ഡൗൺ പിൻവലിച്ച ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ലോക്ക്ഡൗൺ പിൻവലിച്ച ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക്ഡൗൺ പിൻവലിക്കുകയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുക. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ തീയതി ഇപ്പോൾ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പത്താം ക്ലാസിൽ മൂന്ന് പരീക്ഷകളും പ്ലസ് ടുവിലെ നാല് പരീക്ഷകളും വൊക്കേഷണൽ ഹയർ സെക്കന്ററിയിലെ അഞ്ച് പരീക്ഷകളും പൂർത്തിയാകാനുണ്ട്. പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മതിയായ സമയം നൽകിക്കൊണ്ട് മാത്രമേ പരീക്ഷ നടത്തുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോയ വർഷങ്ങളിൽ കുട്ടികൾ എങ്ങനെ പരീക്ഷ എഴുതിയോ, പരീക്ഷ കാലത്ത് എന്തെല്ലാം അവകാശങ്ങൾ അവർക്ക് ലഭിച്ചുവോ അതെല്ലാം പൂർണമായും നിലനിർത്തിക്കൊണ്ടാവും ഇത്തവണയും പരീക്ഷ നടത്തുക. കുറച്ച് ദിവസങ്ങൾ നഷ്ടപ്പെട്ടു എന്നേയുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ ശാസ്ത്രീയമായി പുനഃക്രമീകരിച്ചുകൊണ്ട് കുട്ടികളുടെ എല്ലാ അവകാശങ്ങളും നിലനിർത്തിക്കൊണ്ട് പരീക്ഷ നടത്തും.

എട്ട് വരെയുള്ള പരീക്ഷകളാണ് വേണ്ടന്ന് വെച്ചത്. ഒൻപതാം ക്ലാസിൽ ചില പരീക്ഷകൾ നടന്നു, ഇനിയും ചിലത് നടക്കാനുണ്ട്. പരീക്ഷ നടക്കാത്ത വിഷയങ്ങളിൽ ഓണപ്പരീക്ഷയുടെയും ക്രിസ്മസ് പരീക്ഷയുടെയും ശരാശരി ഫൈനൽ പരീക്ഷയുടെ മാർക്കാക്കി കണക്കാക്കും. അങ്ങനെയാകും ഓൻപതാം ക്ലാസിലെ വിദ്യാർഥികൾക്ക് പത്താംക്ലാസിലേയ്ക്ക് പ്രമോഷൻ നൽകുക. എന്നാൽ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടക്കാനുള്ളത് നടക്കും.

Comments are closed.