1470-490

പച്ചക്കറി സംഭരണ വിപണന പദ്ധതിക്ക് തുടക്കം


അന്നമനട പഞ്ചായത്തിൽ കൃഷി വകുപ്പിന്റെ പച്ചക്കറി സംഭരണ-വിപണന പദ്ധതി ആരംഭിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ആദ്യ വിൽപന നടത്തി. പച്ചക്കറി കർഷകരെ സഹായിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനുമായി കൃഷി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക ഗ്രാമമായ അന്നമനടയിൽ ഭൂരിപക്ഷം പേരും കൃഷി ചെയ്ത ഉൽപ്പന്നങ്ങൾ ലോക് ഡൗൺ കാരണം വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ സർക്കാർ പദ്ധതിയിൽ കർഷകർക്ക് പച്ചക്കറികൾ വിൽക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. അന്നമനട ഫാർമേഴ്‌സ് ക്ലബ്ബ് നേതൃത്വം നൽകിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. അന്നമനടയിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കിറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിന് ഫാർമേഴ്‌സ് ക്ലബ്ബ് നേതൃത്വം നൽകുന്നു. ഈ പദ്ധതിയിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില അപ്പോൾ തന്നെ ലഭിക്കുന്നതിന് പുറമേ ജനങ്ങൾക്ക് നേരിട്ട് നല്ല നാടൻ പച്ചക്കറി കിട്ടുമെന്ന പ്രത്യേകതയുമുണ്ടെന്ന് അഡ്വ. വി.ആർ.സുനിൽകുമാർ എം.എൽ.എ.പറഞ്ഞു. ആഴ്ചയിൽ രണ്ട് തവണ കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കാനാണ് പദ്ധതി. കൃഷി വകുപ്പ് നിർദ്ദേശനുസരിച്ച് തുടങ്ങിയ പച്ചക്കറി സംഭരണ-വിപണന പദ്ധതി കർഷകർക്കും ജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക് ഡൗണിന് ശേഷവും വിപണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫാർമേഴ്‌സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Comments are closed.