1470-490

കോവിഡ് 19 പ്രതിരോധതിന്റെ ഭാഗമായി സ്നേഹിതാ ജൻഡർ ഹെൽപ് ഡെസ്‌ക്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ ഹെൽപ് ഡെസ്‌ക് വഴിയും സേവനങ്ങൾ ഒരുക്കി. കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് വിവിധ തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന 751 പേർക്ക് സ്നേഹിതാ ജൻഡർ ഹെൽപ് ഡെസ്‌ക്, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ മുഖേന കൗൺസിലിങ് സേവനം നൽകി.ഇതുവരെ 39 കുടുംബ പ്രശ്നങ്ങൾ, 39 മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 132 ക്വാറന്റൈനിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട കൗൺസിലിങ്, 10 കൗമാരക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ, 18 ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 376 സ്നേഹിതാ കോളിങ്‌ബെൽ പിന്തുണ സ്വീകർത്താക്കൾക്കായുള്ള കൗൺസിലിംഗ്, 146 വയോജനങ്ങൾക്കായുള്ള കൗൺസിലിങ് എന്നിങ്ങനെയുള്ള കേസുകൾക്കായി കൗൺസിലിങ് സേവനം നൽകി. ഇതിന്റെ ഫോളോഅപ്പുകൾ തുടർന്നുവരുന്നു.ഇതോടൊപ്പം സ്നേഹിതാ കോളിങ്ബെൽ പിന്തുണ സ്വീകർത്താക്കൾക്കുള്ള സഹായവും നൽകി വരുന്നു. കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നുമുള്ള ഭക്ഷണവും ഇവർക്ക് എത്തിച്ചു നൽകുന്നു. അത് അവർക്ക് ലഭ്യമാകുന്നുണ്ടോ എന്ന് കമ്മ്യൂണിറ്റി കൗൺസിലർമാർ വഴി ഉറപ്പുവരുത്തുന്നു. പിന്തുണ സ്വീകർത്താക്കൾക്കാവശ്യമായ മരുന്ന് വീടുകളിൽ ആരോഗ്യ പ്രവർത്തകർ മുഖേന എത്തിച്ചു നൽകുന്നു.ജനമൈത്രി പോലീസുമായി സഹകരിച്ചു കൊണ്ട് പിന്തുണ സ്വീകർത്താക്കൾക്കായി ഭക്ഷണ കിറ്റ് വിതരണം നടത്തി വരുന്നു. ഇതിനകം 376 പിന്തുണ സ്വീകർത്താക്കൾക്ക് കമ്മ്യൂണിറ്റി കൗൺസിലർമാർ ടെലികൗൺസിലിങ് നൽകി.കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിലും ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ച സംഭവമാണ് രാത്രികാലങ്ങളിൽ ഒരു അജ്ഞാത മനുഷ്യൻ വീടുകളിൽ വരുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു എന്ന വാർത്ത. ഇതിനെ തുടർന്ന് പല ആളുകളും പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും കടുത്ത ഭീതിയിലാകുകയും പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ അവസരത്തിൽ ടെലി കൗൺസിലിങിലൂടെ ആളുകൾക്ക് മാനസിക പിന്തുണയും ആത്മ വിശ്വാസവും നൽകാൻ സാധിച്ചു. ഒറ്റപ്പെട്ടുകഴിയുന്ന സ്നേഹിതാ കോളിങ്‌ബെൽ പിന്തുണ സ്വീകർത്താക്കളും ഭയപ്പാടിലായിരുന്നു. എല്ലാവരെയും വിളിച്ചു സംസാരിക്കുകയും അവരുടെ ഭയവും ആശങ്കയും അകറ്റുകയും ചെയ്തു.കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്ക് കൗൺസിലിംഗ് ആവശ്യപ്പെട്ടതിനെ തുടർന്ന് ടെലി കൗൺസിലിംഗ് നടത്തുന്നുണ്ട്. കോളിംഗ് ബെൽ അംഗങ്ങൾക്ക് കമ്മ്യൂണിറ്റി കിച്ചൻ മുഖേന ഭക്ഷണം എത്തിച്ചു നൽകുന്നു.വർഡുതല വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളെയും ജെൻഡർ ഗാർഡിനെയും ഫോൺ മുഖേന ബന്ധപ്പെടുകയും കോളിങ്ബെൽ ഗുണഭോക്തവിന്റെ മേൽനോട്ടം നടത്തുകയും ചെയ്യുന്നു.ടെലി കൗൺസിലിംഗ് സേവനങ്ങളെക്കുറിച്ച് അയൽക്കൂട്ടതലത്തിൽ ബോധവത്കരണവും നടത്തിവരുന്നുണ്ട്. വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുൾപ്പെടെ 1500 ഓളം പേരെ സന്നദ്ധ സേന വളണ്ടിയർമാരായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Comments are closed.