1470-490

കോവിഡ് 19 : ക്യാൻസർ രോഗിയായ കരീമിന് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു നൽകി വടക്കേക്കാട് പോലീസ്


ക്യാൻസർ രോഗിയായ കരീമിന് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു നൽകി വടക്കേക്കാട് പോലീസ്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന വടക്കേക്കാട് മണികണ്‌ഠേശ്വരം സ്വദേശി ചാകുണ്ടയിൽ കരീമിനാണ് (65) മരുന്ന് എത്തിച്ച് നൽകിയത്. ദിവസവും കഴിക്കാനുള്ള മരുന്ന് തീർന്നുപോയതിനെ തുടർന്ന് വിഷമത്തിലായ കരീം നാട്ടിലുള്ള മുഴുവൻ മെഡിക്കൽ സ്റ്റോറുകളിലും തിരയുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹായമഭ്യർത്ഥിക്കുകയും ചെയ്തു. എന്നിട്ടും യാതൊരു പ്രയോജനവും ഇല്ലാതായപ്പോൾ കരീം വടക്കേക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ എം സുരേന്ദ്രൻ ഇക്കാര്യം ഏറ്റെടുക്കുകയുമായിരുന്നു. മരുന്ന് കോഴിക്കോട് മുക്കം എംവിആർ ക്യാൻസർ ആശുപത്രി മെഡിക്കൽ സ്റ്റോറിൽ ലഭ്യമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വിവരം കൈമാറിയത് പ്രകാരം കോഴിക്കോട് പ്രദേശത്തെ ഹൈവേ പോലീസ് മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ തീരുമാനിച്ചു.
തുടർന്ന് കോവിഡ്-19 ലോക്ക്‌ഡൌൺ കാലത്ത് ജീവൻരക്ഷാ മരുന്ന് ലഭ്യമാക്കുന്നതിന് കേരളാ പോലീസ് ഏർപ്പെടുത്തിയ സംവിധാനത്തിലൂടെ കോഴിക്കോട് ഹൈവേ പോലീസിൽ നിന്നും ഏറ്റുവാങ്ങി വിവിധ പോലീസ് സ്റ്റേഷനുകളുടെ സഹായ സഹകരണത്തോടെ മണിക്കൂറുകൾക്കകം വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഈ സമയം വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ കാത്തിരുന്ന കരീമിന്റെ ബന്ധു നിസാർ വടക്കേക്കാട് എസ്.എച്ച്.ഓ സുരേന്ദ്രനിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി. മരുന്നില്ലാതെ വലഞ്ഞപ്പോൾ കൃത്യസമയത്ത് മരുന്ന് എത്തിച്ചു നൽകാൻ കേരളാ പോലീസ് ഏർപ്പെടുത്തിയ സംവിധാനത്തിന് കരീമും കുടുംബവും നന്ദിയറിയിച്ചു.

Comments are closed.