1470-490

മിച്ചം പിടിച്ച പെൻഷൻ തുക ദുരിതാശ്വാസ നിധിയിൽ നൽകി

ശിവദാസന്റെ സ്‌നേഹപർവ്വം
ദുരന്തങ്ങൾ എന്താണെന്നും അത് സാധാരണക്കാരെ എത്രമാത്രം ബാധിക്കുമെന്നും ആരും പറയാതെ തന്നെ ശിവദാസന് നന്നായി അറിയാം. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെൻഷൻ തുകയിൽ നിന്ന് മിച്ചംപിടിച്ച 11111 രുപ സംഭാവന നൽകാൻ ജില്ലാ ഗ്രാമവികസനഭവനിൽനിന്നും വിരമിച്ച ഒ.ആർ ശിവദാസനെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നുമല്ല. തന്റെ നാലാം വയസ്സിൽ പോളിയോ തളർത്തിയ കാലുകൾ സ്വന്തം ജീവിതത്തെ തളർത്താതിരുന്നത് മനസ്സിന്റെ ഈ നിശ്ചയദാർഢ്യം കൊണ്ട് മാത്രം. കോവിഡ് 19 പ്രതിരോധത്തിനായി കേരള ജനത ഒരൊറ്റമനസ്സോടെ ഒന്നിക്കുമ്പോൾ അതിൽ അണിചേരാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ശിവദാസന്.
40 വർഷം മുമ്പാണ് ശിവദാസൻ ജില്ലാ ഗ്രാമവികസന ഓഫീസിൽ ജോലിയാരംഭിക്കുന്നത്. പരിമിതമായ ചലനശേഷിയുടെ സമ്മാനമായ കലാ സാഹിത്യവാസനയും സഹജമായ സഹജീവിസ്‌നേഹവുമാകാം ജീവനക്കാരുടെ പ്രിയങ്കരനായിരുന്നു എന്നും ഇദ്ദേഹം. സർവീസിലിരുന്ന കാലത്തെ സ്മരണകൾക്കൊപ്പം താനെഴുതിയ കഥകളും കവിതകളും കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇദ്ദേഹം.
വിശ്രമജീവിതം തരുന്ന സ്വാസ്ഥ്യത്തിനിടയിലും ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകാൻ മുന്നിലുണ്ട് ഇദ്ദേഹം. അന്തിക്കാട് ഭിന്നശേഷിക്കാർക്കുള്ള ഒരു സ്ഥാപനത്തിലെ 82 അന്തേവാസികൾക്ക് കരകൗശല പരിശീലനം നൽകുന്നത് ശിവദാസനാണ്.
കലാപരമായ കഴിവുകൾക്കും സഹജീവികളെ സഹായിക്കാനുള്ള മനസിനുമൊപ്പം പൂർണ്ണ പിന്തുണയുമായി ഭാര്യ രമണിയും കുടുംബവുമുണ്ട് അദ്ദേഹത്തിന്റെ ഒപ്പം.
പെരിങ്ങോട്ടുകര സ്വദേശിയായ ശിവദാസൻ കളക്ട്രേറ്റിലെത്തി മന്ത്രി എ സി മൊയ്തീന് തുക കൈമാറുകയായിരുന്നു. ചീഫ് വിപ്പ് കെ രാജൻ, എം എൽ എ മുരളി പെരുനെല്ലി, കളക്ടർ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
ഫോട്ടോ അടിക്കുറിപ്പ്: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുകയിൽ നിന്ന് മിച്ചംപിടിച്ച 11111 രുപ മന്ത്രി എ സി മൊയ്തീൻ നൽകുന്ന ശിവദാസൻ

Comments are closed.