1470-490

കുടുംബശ്രീ ജെഎൽജി യൂണിറ്റുകൾ 2.25 ലക്ഷം രൂപയുടെ പച്ചക്കറികൾ കൈമാറി


ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചന് താങ്ങായി കുടുംബശ്രീ ജെ എൽ ജി യൂണിറ്റുകൾ 2.25 ലക്ഷം രൂപയുടെ പച്ചക്കറികൾ സൗജന്യമായി കൈമാറി. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിരവധി കമ്മ്യൂണിറ്റി കിച്ചണുകളാണ് തൃശ്ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സി.ഡി.എസ്സുകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. രണ്ടേകാൽ ലക്ഷത്തോളം രൂപയുടെ പച്ചക്കറിയും കിഴങ്ങു വർഗ്ഗങ്ങളും ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സൗജന്യമായി നൽകി മാതൃകയായിരിക്കുകയാണ് തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ ജെഎൽജി യൂണിറ്റുകൾ. കുടുംബശ്രീ എംകെഎസ്പി പദ്ധതിയുടെ കീഴിൽ കൃഷി ചെയ്തിരുന്ന 320 ഓളം ജെഎൽജി യൂണിറ്റുകളാണ് പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അടക്കം 2750 ഓളം കിലോഗ്രാം പച്ചക്കറി സൗജന്യമായി നൽകിയത്.
തക്കാളി, വെണ്ടയ്ക്ക, കോവയ്ക്ക, ബീൻസ്, ചീര, പച്ചമുളക്, കറിവേപ്പില, ഏത്തക്കായ, പഴം, ചേന, കപ്പ, കാച്ചിൽ, ചേമ്പ്, പയർ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, തേങ്ങ, മാങ്ങ, ചക്ക, മത്തങ്ങ, വഴുതനങ്ങ, കുമ്പളങ്ങ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇത്തരത്തിൽ സൗജന്യമായി നൽകിയത്.
തൃശ്ശൂർ ജില്ലയിൽ 16 ബ്ലോക്കുകളിലായി സിഡിഎസ് തലത്തിൽ 2060.93 ഹെക്ടറിലാണ് കൃഷി ചെയ്തു വരുന്നത്. കാലങ്ങളായി വിഷുവിപണി കാലത്ത് ജില്ലയിലുടനീളം വിഷരഹിതമായ പച്ചക്കറികൾ നൽകി വരാറുള്ള ജെഎൽജി യൂണിറ്റുകളാണ് പെട്ടെന്നുണ്ടായ മഹാമാരിയിൽ നിസ്വാർത്ഥമായ ഈ പ്രവർത്തനം കാഴ്ചവെച്ചത്.
ജില്ലയിൽ 106 കമ്മ്യൂണിറ്റി കിച്ചണുകളാണ് കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക കമ്മ്യൂണിറ്റി കിച്ചനിലേക്കും ജെഎൽജി യൂണിറ്റുകളുടെ പച്ചക്കറികൾ ഇതിനോടകം സൗജന്യമായി എത്തിച്ചുനൽകിയിട്ടുണ്ട്. ഇപ്പോഴും ജില്ലയിലെ വിവിധ സി.ഡി.എസ്സുകളുടെ നേതൃത്വത്തിൽ പച്ചക്കറികൾ സൗജന്യമായി നൽകി വരുന്നുണ്ട്.

Comments are closed.