1470-490

ഗുരുവായൂരിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി

നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത പഴകിയ മത്സ്യം


ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിൽ റോഡരികിൽ കച്ചവടം ചെയ്യുകയായിരുന്ന പഴകിയ മത്സ്യങ്ങൾ പിടികൂടി. വിൽപ്പനയ്ക്ക് വെച്ചിരുന്ന 15 ദിവസത്തോളം പഴക്കമുള്ള മത്സ്യങ്ങളാണ് ഇന്നലെ പിടിച്ചെടുത്തത്. മുതുവട്ടൂർ രാജാ ഹാളിന് സമീപം കച്ചവടം നടത്തിയിരുന്ന മൂന്ന് പേരിൽ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗവും പോലീസും ചേർന്ന് മത്സ്യങ്ങൾ പിടിച്ചെടുത്തത്. ചൂര, ചെമ്മീൻ, ആവോലി എന്നിവയായിരുന്നു ഇവർ വില്പനയ്ക്ക് കൊണ്ടുവന്നിരുന്നത്. കയ്യിൽ എടുക്കുമ്പോഴേക്കും അടർന്നുവീഴുന്ന നിലയിലുള്ള ആവോലിക്ക് രണ്ട് ആഴ്ചയെങ്കിലും പഴക്കം കാണും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച വീട്ടുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി പി മോഹനൻ, സി.കെ. രജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 25 കിലോ ചൂര, 14 കിലോ ചെമ്മീൻ, 5 കിലോ ആവോലി എന്നിവ സംഘം പിടിച്ചെടുത്തു.

Comments are closed.