1470-490

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തിരമായി രാജ്യത്തെത്തിക്കണമെന്ന് ടി എൻ പ്രതാപൻ എം പി.


ന്യൂഡൽഹി/ തൃശൂർ: കോവിഡ് 19 പ്രതിസന്ധിക്കിടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി എൻ  പ്രതാപൻ എം പി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിക്കും കത്ത് നൽകി.
മിക്ക വിദേശ രാജ്യങ്ങളിലും കോവിഡ് 19 പോസിറ്റിവായവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നില്ലെന്നും ഇതിനാൽ ലേബർ ക്യാമ്പുകൾ പോലെയുള്ള താമസ സൗകര്യങ്ങളുള്ളവരും മറ്റും വലിയ ഭീതിയിലും അരക്ഷിതത്വത്തിലുമാണ് കഴിയുന്നത്. ഒരാൾക്ക് വന്നാൽ കൂടെയുള്ളവർ കൂടി നരകിക്കേണ്ട സ്ഥിതിയാണ്. കുറച്ചുകൂടി കഴിഞ്ഞാൽ, സ്ഥിതി ഒരുപക്ഷെ ഇനിയും വഷളായാൽ വിദേശികളോടുള്ള സമീപനം മാറിയെന്നും വരാം. ഇന്ത്യ അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പല രാജ്യങ്ങളും പറയുന്നുണ്ടെന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ നാട്ടിലേക്ക് വരണം എന്നാഗ്രഹിക്കുന്ന പ്രവാസികളെ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കൊണ്ടുവരണം. പ്രതാപൻ കത്തിൽ ആവശ്യപ്പെടുന്നു.
വുഹാനിൽ നിന്ന് വിദ്യാർത്ഥികൾ അടക്കമുള്ള സംഘത്തെ ഇന്ത്യയിൽ എത്തിച്ചപ്പോൾ ചെയ്തതുപോലെ പ്രത്യേക കോറന്റിൻ, ഐസൊലേഷൻ സംവിധാനങ്ങൾ തയ്യാറാക്കുകയും മറ്റു മുൻകരുതലുകൾ എടുക്കുകയുമാവാം. എത്ര വലിയ വെല്ലുവിളിയാണെങ്കിലും ഇതേറ്റെടുത്ത് പ്രവാസികളോട് രാജ്യത്തിനുള്ള കടപ്പാട് നിറവേറ്റാൻ കേന്ദ്രസർക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രിയോട് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു,
കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണെന്നും. ഈ കരുതലിനും മുന്നേറ്റത്തിനുമെല്ലാം പ്രധാന കാരണം പ്രവാസികളുടെ അധ്വാനവും ത്യാഗവുമാണെന്നും അതിനാൽ ഈ ആപൽഘട്ടത്തിൽ അവരുടെ വിഷമം കണ്ടില്ലെന്ന് വെക്കാൻ സാധിക്കില്ലെന്നും കത്തിൽ പറയുന്നു.

Comments are closed.