1470-490

കോവിഡ് 19; തളിക്കുളത്ത് മുഖാവരണം നിർബന്ധമാക്കി


തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖാവരണം നിർബന്ധമാക്കി. ഇതോടനുബന്ധിച്ച് പുതുക്കുളം മുതൽ തളിക്കുളം സ്നേഹതീരം വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ കച്ചവട കേന്ദ്രങ്ങൾ, മാർക്കറ്റ് , റേഷൻ കടകൾ, പച്ചക്കറികടകൾ, പഴം വിൽപനശാലകൾ, പലചരക്ക് കടകൾ, മെഡിക്കൽ ഷോപ്പുകൾ മെഡിക്കൽ ലാബുകൾ, സൂപ്പർമാർക്കറ്റ്, ബേക്കറികൾ, എടിഎം കൗണ്ടറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാസ്‌കോ, തൂവാലയോ ധരിക്കാതെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പൊതു സ്ഥലത്ത് സഞ്ചരിക്കുന്നവരെ കൊറോണ ബോധവൽക്കരണം നടത്തി മാസ്‌ക് വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും മാസ്‌ക് വാങ്ങി നിർബന്ധപൂർവ്വം ധരിപ്പിക്കുകയും മേലിൽ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. കടകളിൽ അവശ്യ വസ്തുക്കൾ വാങ്ങാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എല്ലായിടത്തും ഹാൻഡ് വാഷിങ് സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് അനാവശ്യമായി സഞ്ചരിക്കുന്നവരെകുറിച്ച് പോലീസിന് റിപ്പോർട്ട് നൽകി. പരിശോധനയ്ക്ക് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി .പി. ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എ.ജിതിൻ, പി. എം. വിദ്യാസാഗർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഇ.എം മായ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുകയും നടപടികൾ എടുക്കുകയും ചെയ്യുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

Comments are closed.