1470-490

സപ്ലൈകോയ്ക്ക് കരുതൽ സഞ്ചികൾ നൽകി കുടുംബശ്രീ


സൗജന്യഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യാൻ കവറില്ലേ? വിഷമിക്കേണ്ട..കുടുംബശ്രീയുണ്ട് കൂടെ.. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സപ്ലൈകോ വഴി വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശം വന്നപ്പോൾ, വിതരണത്തിനാവശ്യമായ പേപ്പർ ബാഗുകൾ നിർമ്മിച്ച് നൽകി മാതൃകയാവുകയാണ് എടത്തിരുത്തിയിലെ കുടുംബശ്രീ കൂട്ടായ്മ. ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനാവശ്യമായ കവറുകൾ നിർമിച്ചുനൽകി സഹായിക്കാമോ എന്ന പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിന്റെ ചോദ്യത്തിന് മൂന്നു ദിവസംകൊണ്ട് 50000 പേപ്പർ ബാഗുകൾ നിർമ്മിച്ച് കൊണ്ടാണ് പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മകൾ ഒന്നടങ്കം ഉത്തരം നൽകിയത്. 18 വാർഡുകളിലായി 302 അയൽക്കൂട്ടങ്ങളും 5200 അംഗങ്ങളും.
ഓരോ വാർഡുകളും ആയിരം പേപ്പർ ബാഗുകൾ നിർമ്മിച്ച് നൽകുക എന്നതായിരുന്നു അയൽക്കൂട്ടങ്ങൾക്ക് സിഡിഎസ് ചെയർപേഴ്‌സൺ ഐഷാബി നൽകിയ ടാസ്‌ക്. എന്നാൽ ലോക്ക് ഡൗൺ ബോറടിയിൽ മുങ്ങിയിരുന്ന ഓരോ അംഗത്തിന്റെയും വീട്ടുകാർ കൂടി ബാഗ് നിർമ്മാണത്തിൽ പങ്കാളികളായതോടെ ആയിരം എന്നത് 3000 ആയി. പുറത്തിറങ്ങാനാവാതെ അകത്തെ കളികളിൽ മാത്രം മുഴുകിയിരിക്കുന്ന കുട്ടികളും ഒരു ക്രാഫ്റ്റ് പഠനം, അതിലുപരി ഒരു കളി എന്ന നിലയിൽ ബാഗ് നിർമ്മാണത്തെ കണ്ടതോടെ അവരുടെ ബോറടിയും നീങ്ങി. ഭക്ഷ്യധാന്യ കിറ്റ് വിതരണം സംബന്ധിച്ച് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ബ്ലോക്ക് തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നാണ് ഇതിന്റെ തുടക്കം-പഞ്ചായത്ത്പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു. പഞ്ചായത്തുകൾക്ക് ആയിരുന്നു വിതരണത്തിന്റെ ചുമതല. പക്ഷേ, പ്ലാസ്റ്റിക് നിരോധനം മൂലം പാക്ക് ചെയ്യാനുള്ള കവറുകളുടെ ലഭ്യത കുറഞ്ഞതാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് നയിച്ചത്. സിഡിഎസ് ചെയർപേഴ്‌സൺ ആയ ഐഷാബി പേപ്പർ ബാഗ് നിർമ്മാണത്തിൽ വിദഗ്ദയാണ്. ലോക്ക് ഡൗൺ കാലമായതിനാൽ സിഡിഎസ്, ബാഗ് നിർമ്മാണത്തിന്റെ വീഡിയോ കുടുംബശ്രീയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി എല്ലാ കുടുംബങ്ങളിലേക്കും പ്രചരിപ്പിച്ച് പരിശീലനം നൽകി. പിന്നീട് വാർഡുകളെ രണ്ടായി തിരിച്ച്, തൂക്കത്തിലുള്ള വ്യത്യാസമനുസരിച്ച് ബാഗ് നിർമ്മിക്കാൻ നിർദേശിക്കുകയായിരുന്നു.

Comments are closed.