1470-490

ശ്രീനിവാസൻ്റെ 5 മണ്ടത്തരങ്ങൾ

⛔പതിവുപോലെ ആധുനികവൈദ്യശാസ്ത്രത്തെ കുറിച്ചുള്ള അബദ്ധധാരണകൾ വളരെ ആധികാരികമായി തള്ളിക്കൊണ്ടാണ് പുള്ളി തിരിച്ചു വന്നിട്ടുള്ളത്. മാധ്യമം പത്രത്തിലെ “എഡിറ്റോറിയൽ” പേജിലെ വലിയൊരു ഭാഗം മാന്യദ്ദേഹത്തിന്റെ അബദ്ധങ്ങൾക്കായി നീക്കിവെച്ചിട്ടുമുണ്ട്. മികച്ച മാധ്യമ ധർമ്മം!

⛔ലേഖനത്തിന്റെ ആദ്യഭാഗം തികച്ചും രാഷ്ട്രീയപരമായ അഭിപ്രായം രേഖപ്പെടുത്തലായത് കൊണ്ടു അതിനെകുറിച്ചു പറയാനൊന്നും മെനക്കെടുന്നില്ല. പക്ഷെ മെഡിക്കൽ സയൻസിനെ കുറിച്ചു കനത്ത അസംബന്ധങ്ങളാണ് അദ്ദേഹം അടിച്ചു വിടുന്നത്.

🚨മണ്ടത്തരം (വ്യാജസന്ദേശം) നമ്പർ – 1

🔇പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിറ്റാമിൻ സി കോവിഡിന് പ്രതിവിധിയാണെന്നു പറഞ്ഞു അത്രേ !

⚠പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ അഷ്‌റഫിന്റെ പേരിൽ ഏതോ കേശവൻ മാമ, വിറ്റാമിൻ സി കഴിച്ചാൽ കോവിഡ് വരില്ലെന്നും പറഞ്ഞ് ഒരു ഓഡിയോ ക്ലിപ്പ് പടച്ചുവിട്ടു വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചിരുന്നു. അത് കേട്ടിട്ടാണ് ശ്രീനിവാസൻ ആദ്യത്തെ വെടി പൊട്ടിക്കുന്നത്.

⚠പ്രസ്തുത ക്ലിപ്പ് തന്റെ പേരിൽ ആരോ പടച്ചുവിട്ടതാണെന്നു പറഞ്ഞുകൊണ്ട് ഡോക്ടർ അഷ്റഫ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആ വാർത്ത ഇതേ മാധ്യമം പത്രത്തിൽ കുറച്ചു ദിവസം മുമ്പ് വന്നിരുന്നതുമാണ്!!

⚠പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയാത്ത കാര്യം പറഞ്ഞു എന്നും പറഞ്ഞു കൊണ്ടാണ് ശ്രീനിവാസൻ വിറ്റാമിൻ സി സിദ്ധാന്തം മുന്നോട്ടു വെക്കുന്നത്. അപ്പോൾ തന്നെ ആ സിദ്ധാന്തത്തിന്റെ കാര്യം തീരുമാനമായി.

🚨മണ്ടത്തരം നമ്പർ -2

🔇വിറ്റാമിൻ സി കഴിച്ചാൽ ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആകുമത്രേ.

✅ഈ വിറ്റാമിൻ സി എന്ന സാധനത്തിന്റെ രാസനാമം അസ്‌കോർബിക് ആസിഡ് എന്നാണ്. ആസിഡായ സാധനം കഴിച്ചാൽ ശരീരം ആൽക്കലൈൻ ആകുന്നത് എങ്ങനെയാണെന്ന് ഒന്നു പറഞ്ഞു തരണം. മാത്രമല്ല, ശരീരത്തിന് ഒരു നോർമൽ pH ഉണ്ട്. അത് 7.35 നും 7.45 നും ഇടയിലാണ്. ഇതു ഈ നിലയിൽ നിലനിർത്താൻ ശരീരത്തിൽ പലവിധ മികച്ച സംവിധാനങ്ങളുമുണ്ട്.

✅7.45 ന്റെ മുകളിൽ ശരീരത്തിന്റെ pH കൂടുന്ന നിലയിൽ ശരീരത്തിന്റെ alkaline സ്വഭാവം കൂടിയാൽ അതിനെ ആൽകലോസിസ് എന്നു പറയും. ഇതു ചികിത്സ വേണ്ട അവസ്ഥയാണ്. കുറേ നേരം ആൽക്കലോസിസ് നിലനിന്നാൽ മരണം വരെ സംഭവിക്കും. രക്തത്തിലെ അസിഡിറ്റി കൂടിയാലും സ്ഥിതി മറിച്ചല്ല.

✅കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് രക്തം ആൽക്കലി മയമാക്കി വൈറസിനെ കൊന്നു കൊലവിളിക്കുന്നതിനെ കുറിച്ചൊക്കെ അദ്ദേഹം ആധികാരികമായി തള്ളുന്നത്.

🚨മണ്ടത്തരം നമ്പർ – 3

🔇ഈ വക മണ്ടൻ സിദ്ധാന്തങ്ങൾ ആരും സ്വീകരിക്കാത്തത് എല്ലാവരും കൈക്കൂലിക്കാരായത് കൊണ്ടാണ് എന്നും അയാൾ പറയുന്നുണ്ട്.

സംഭവം എളുപ്പമാണല്ലോ. ശ്രീനിവാസൻ മണ്ടത്തരം പറയുന്നു. ആ മണ്ടത്തരങ്ങൾ അംഗീകരിക്കാത്തവരെല്ലാം കള്ളന്മാർ ആണെന്ന് പറഞ്ഞാൽ കാര്യങ്ങൾ വളരെ സിമ്പിളാണല്ലോ. ഒരു എതിർവാദത്തിനുള്ള സ്കോപ്പ്‌ പോലും അവിടെ അടയുകയാണ്.

🚨മണ്ടത്തരം നമ്പർ – 4

🔇” ചെന്നൈയിൽ വെച്ചു കൈ മാത്രം സ്കാൻ ചെയ്തു ശരീരത്തിലെ അസുഖം മുഴുവൻ കണ്ടുപിടിക്കാണ് പറ്റുന്ന ഒരു ജപ്പാൻ നിർമിത യന്ത്രം അദ്ദേഹം കണ്ടുവത്രെ. “

☑ഗുഹക്കകത്ത് കയറ്റി സ്കാൻ ചെയ്യുന്നത് ആളുകളെ പേടിപ്പിച്ച് പൈസ തട്ടാൻ വേണ്ടിയാണെന്നും പറയുന്നുണ്ട്. സ്കാനിങ്ങുകൾ എന്നത് Imageology വിഭാഗത്തിൽ വരുന്ന പരിശോധനകളാണ്. Ultrasound, CT scan,MRI എന്നിങ്ങനെ പല വിധ സ്‌കാനുകൾ ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നുണ്ട്.

☑പരിശോധിക്കേണ്ട ശരീരഭാഗത്തിലെ ആന്തരിക അവയവങ്ങളിൽ അസുഖം വരുമ്പോൾ വരുന്ന രൂപമാറ്റം കാണാനും അതു വഴി അസുഖം കണ്ടുപിടിക്കാനുമാണ് സ്കാനിങ്ങുകൾ ഉപയോഗിക്കുന്നത്.

☑അത് കൊണ്ട് തന്നെ അസുഖം സംശയിക്കുന്ന ശരീരഭാഗം സ്കാൻ ചെയ്താൽ മാത്രമേ ആ ഭാഗത്തെ കുഴപ്പങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. കൈ സ്കാൻ ചെയ്താൽ കൈയിലെ വിവരങ്ങൾ അറിയാൻ പറ്റും. തലയിലെയോ, നെഞ്ചിലെയോ, വയറ്റിലെയോ വിവരങ്ങൾ അറിയാൻ ആ ഭാഗം തന്നെ സ്കാൻ ചെയ്യേണ്ടി വരും. വയറിന്റെയും നെഞ്ചിന്റെയുമൊക്കെ CT Scan അല്ലെങ്കിൽ MRI എടുക്കുമ്പോൾ ആ ശരീരഭാഗം യന്ത്രത്തിന്റെ ഉള്ളിലൂടെ കടത്തി വിടേണ്ടി വരും. അതിനെയാണ് ഗുഹയിലേക്ക് കയറ്റി പേടിപ്പിക്കുന്നു എന്നൊക്കെ അദ്ദേഹം പറയുന്നത്.

🚨മണ്ടത്തരം നമ്പർ – 5

🔇ജപ്പാനിൽ ഫാമിലി ഡോക്ടർമാർ ആണത്രേ എല്ലാ അസുഖവും ചികില്സിക്കുന്നത്!! അവിടെ സ്പെഷ്യാലിറ്റി എന്നുള്ള ഏർപ്പാടില്ലത്രേ! എല്ലാ അസുഖവും ഒരേ ഡോക്ടർ തന്നെ ചികിൽസിക്കുന്ന സ്വപ്നലോകമാണ് ശ്രീനിവാസന് ജപ്പാൻ.

✔ജപ്പാനിലെ പ്രശസ്തമായ ആസ്പത്രിയാണ് Kyoto university hospital. അവിടെയുള്ള വിഭാഗങ്ങളുടെ ലിസ്റ്റും അവിടെ ലഭിക്കുന്ന സേവനങ്ങളും നിങ്ങൾക്ക് തന്നെ നോക്കിയാൽ കാണാം. നമ്മുടെ നാട്ടിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്മെന്റിൽ കാണുന്ന പോലെ തന്നെ പല പല വിഭാഗങ്ങൾ അവിടെയുമുണ്ട്.

✔ജപ്പാനിലെ ആരോഗ്യസംവിധാനങ്ങളെ പറ്റി പത്ത് പൈസയുടെ വിവരം പോലുമില്ലാതെയാണ് ശ്രീനിവാസൻ ഓരോന്ന് പറയുന്നതെന്ന് ഈ ലിസ്റ്റ് കാണുന്ന സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. എന്നാൽ മാധ്യമം പത്രത്തിലുള്ളവർക്കും ശ്രീനിവാസനും ജനങ്ങൾ തങ്ങളുടെ ബുദ്ധിനിലവാരത്തിൽ ഉള്ളവരാണെന്ന തെറ്റിധാരണ ഉണ്ടെന്നു തോന്നുന്നു.
കുറഞ്ഞ പക്ഷം ഗൂഗിൾ സെർച്ച് പോലുള്ള സംവിധാനങ്ങൾ ജനങ്ങൾ ഉപയോഗിക്കാറുണ്ട് എന്ന് പോലും ധാരണ ഇല്ലെന്നു തോന്നുന്നു.

link: https://www.kuhp.kyoto-u.ac.jp/english/department/index.html

✔എന്താണെന്നറിയില്ല, അവിടത്തെ Diagnostic imaging and radiology വിഭാഗത്തിൽ ചെന്നൈയിൽ ശ്രീനിവാസൻ കണ്ട കൈ മാത്രം സ്കാൻ ചെയ്യുന്ന ജപ്പാൻ നിർമിത യന്ത്രം ഇല്ല. നമ്മുടെ നാട്ടിലുള്ള CT യും MRI യും ഒക്കെ തന്നെയേ അവിടെയുമുള്ളു. എന്നാലും ജപ്പാനിൽ അങ്ങനെ ഒരു സാധനമുണ്ടാക്കി ചെന്നൈയിൽ കൊടുത്തിട്ടും, ജപ്പാനിലെ ഇത്രയും വലിയ ആശുപത്രിയിൽ അതു നല്കാതിരുന്നത് വല്ലാത്ത ചതിയായിപ്പോയി.

✔അഭിനയത്തിലൂടെ താൻ നേടിയ പ്രശസ്തി ഉപയോഗിച്ചു മണ്ടത്തരങ്ങൾ വിളിച്ചു പറയുന്ന ഇയാളും കൊള്ളാം, അയാൾ പറയുന്നതിലെ ശരി തെറ്റുകൾ പരിശോധിക്കാതെ എഡിറ്റോറിയൽ പേജിൽ ഇത്തരം നിരര്‍ത്ഥഭാഷണങ്ങൾക്ക് സ്ഥലം അനുവദിക്കുന്ന മാധ്യമങ്ങളും കൊള്ളാം.

🚨മോശം പറയരുതല്ലോ, മണ്ടത്തരങ്ങൾക്കിടയിൽ വാസ്തവങ്ങൾക്ക് അടുത്തു നിൽക്കുന്ന ഒരേ ഒരു കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്…

🔶ഇക്കാര്യങ്ങൾ വിളിച്ചു പറഞ്ഞാൽ അദ്ദേഹത്തിനെ ജയിലിൽ ഇട്ടേക്കുമത്രെ !!

🔻ജയിലിൽ കിടക്കാൻ ഈ പറഞ്ഞ കള്ളങ്ങളും, അബദ്ധങ്ങളും മാത്രം മതി എന്നതാണ് വാസ്തവം. പക്ഷെ സർക്കാർ വിചാരിക്കണം. ലോകം മുഴുവൻ കോവിഡിന് നേരെ പൊരുതുന്ന ഈ സമയത്തു, വാട്‌സാപ്പിൽ കേട്ട ഏതോ ഓഡിയോ ശകലവും വെച്ചു കൊണ്ടു നമ്മുടെ കോവിഡ് പ്രതിരോധമെല്ലാം തെറ്റാണെന്നും, പണത്തിനു വേണ്ടി ജനങ്ങളെ കുരുതിക്കു കൊടുക്കുകയാണെന്നുമൊക്കെയുള്ള അബദ്ധ ധാരണ സമൂഹത്തിലേക്ക് പടർത്തിവിടുന്ന ഈ ലേഖനം മാത്രം മതി ഇയാൾക്കെതിരെ കേസെടുക്കാൻ.

🔻ഇദേഹത്തിനെതിരെയും ഇമ്മാതിരി ലേഖനം ഈ സമയത്ത് പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിനെതിരെയും കേസെടുക്കുകയാണ് വേണ്ടത്. മഹാമാരിയുടെ സമയത്തു ദുരന്ത നിവാരണ നിയമവും, പകർച്ച വ്യാധി നിയന്ത്രണ നിയമവും പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണല്ലോ സർക്കാർ.

🔻ശ്രീനിവാസനെ പോലുള്ളവർ തങ്ങളുടെ പ്രിവിലേജ് ഉപയോഗിച്ച് ആരോഗ്യം അപകടത്തിൽ പെടുമ്പോൾ എല്ലാക്കാലത്തും പഞ്ചനക്ഷത്ര ആശുപത്രികളെ ആശ്രയിച്ച ചരിത്രമാണുള്ളത്. അയാളുടെ വാക്കു വിശ്വസിക്കുന്ന പാവങ്ങൾക്ക് അത് പറ്റിയെന്നു വരില്ല.

🔻പകർച്ചവ്യാധി പടരാനുള്ള സാധ്യത ഉയർത്തുന്നവർ പൊതുസമൂഹത്തോടു മാപ്പു പറയണം. മാപ്പു പറഞ്ഞാലും ഇല്ലെങ്കിലും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ പൊതു നന്മയെ കരുതി അധികാരികൾ നിയമ നടപടികൾ കൈക്കൊള്ളണം എന്ന് ആഗ്രഹിക്കുന്നു.

എഴുതിയത് – ഡോ: അബ്ദുൽ ലത്തീഫ്
Info Clinic

Comments are closed.