1470-490

വീണിടത്ത് കിടന്ന് ഉരുണ്ട് ശ്രീനിവാസൻ

മനുഷ്യൻ പഠിക്കാത്ത പാഠങ്ങൾ എന്ന പേരിൽ വന്ന ശ്രീനിവാസൻ്റെ ലേഖനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നിരുന്നല്ലോ.

ശ്രീനിവാസൻ ഒരു നല്ല നടനാണ്, തിരക്കഥാകൃത്താണ്. പക്ഷേ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് മിക്കതും അസംബന്ധമെന്ന ഒറ്റ വാക്കുകൊണ്ട് വിശേഷിപ്പിക്കാവുന്നതാണ്.

ഇന്ന് വീണ്ടും ലേഖനത്തിനോടുള്ള പ്രതികരണങ്ങളുടെ ബാക്കിയായി നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ചിട്ടുണ്ട് ശ്രീനിവാസൻ. തിരുത്താൻ ശ്രമിച്ച ആ വിഷയത്തിൽ അവഗാഹമുള്ളവരുടെ വാക്കുകളെ കണക്കിലെടുക്കാൻ പോലും ശ്രീനിവാസനു താല്പര്യമില്ല.

പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞു എന്ന പേരിൽ വന്ന വാട്സാപ് സന്ദേശം വ്യാജമാണെന്നും ആ സന്ദേശത്തിനെതിരെ പരാതി നൽകിയിട്ടുള്ളതാണെന്നും വ്യക്തമായതിനു ശേഷവും ശ്രീനിവാസൻ പറയുന്നത് “ഡോക്ടർമാർ അങ്ങനെ പറഞ്ഞു” എന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ എന്നാണ്.

ഒരു കാര്യം വാസ്തവമല്ല എന്ന് അറിഞ്ഞതിനു ശേഷം ആവർത്തിക്കുന്നത് ചെയ്യുമ്പൊ ചെയ്യുന്നത് മനപ്പൂർവമാണെന്ന് മാത്രമേ കരുതാൻ നിർവാഹമുള്ളൂ.

ഇനി, ആ പറഞ്ഞതും അസംബന്ധമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതാണ്. ശരീരത്തിൽ രക്തത്തിൻ്റെ പി.എച്ച് ഒരു ചെറിയ റേഞ്ചിനുള്ളിൽ നിർത്തിയിരിക്കുന്നതാണ് 7.35 നും 7.45 നും ഇടയിൽ. അപ്പൊഴാണ് അത് ആൽക്കലൈൻ ആക്കിയാൽ വൈറസിൽ നിന്ന് രക്ഷപ്പെടുമെന്ന് പറഞ്ഞിരിക്കുന്നത്.

ഇന്ന് വീണ്ടും പ്രധാന രോഗങ്ങൾക്കൊന്നും ശാശ്വത പ്രതിവിധിയില്ലാത്ത ചികിൽസാ ശാഖയാണ് “അലോപ്പതി ” എന്നുകൂടി ശ്രീനിവാസൻ പറയുന്നുണ്ട്.

എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്ന് ആധുനിക വൈദ്യശാസ്ത്രം അവകാശപ്പെടുന്നില്ല. പക്ഷേ ഇന്ന് രോഗങ്ങൾക്കുള്ള ഏറ്റവും മികച്ച ചികിൽസ ആധുനിക വൈദ്യശാസ്ത്രത്തിലല്ലാതെ മറ്റൊരിടത്തുമില്ല എന്ന് നിസംശയം പറയാൻ കഴിയും.

ശ്രീനിവാസൻ പറയുന്ന അസുഖങ്ങളായ പ്രമേഹത്തിനും ആസ്ത്മയ്ക്കും ഒക്കെ ഫലപ്രദമായി നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാൻ കഴിയുന്ന മരുന്നുകൾ ആധുനിക വൈദ്യശാസ്ത്രത്തിലേ ഉള്ളൂ.

മരുന്നുകളുടെ പാർശ്വഫലത്തെക്കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. ഫലമുള്ളവയ്ക്കെല്ലാം പാർശ്വഫലമുണ്ട്. സൂര്യപ്രകാശമടക്കം ഈ പ്രപഞ്ചത്തിലെ ഒട്ടുമിക്ക വസ്തുക്കൾക്കും പാർശ്വഫലങ്ങളുള്ളതാണ്.

ആധുനിക വൈദ്യശാസ്ത്രം അത് കൃത്യമായി പഠിക്കുന്നതുകൊണ്ട് ഏത് മരുന്നുകൾക്ക് ഏത് പാർശ്വഫലമാണെന്നും അത് എത്ര ഡോസിൽ കഴിക്കുമ്പൊ ഒഴിവാക്കാമെന്നുമെല്ലാം ആധുനിക വൈദ്യശാസ്ത്രം പഠിച്ച് പറഞ്ഞുവച്ചിരിക്കുന്നതെടുത്ത് തന്നെയാണ് ശ്രീനിവാസനടക്കം ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ഉപയോഗിക്കുന്നത്.

മറ്റിടങ്ങളിൽ അത് നടക്കില്ല. പഠിച്ചെങ്കിലല്ലേ പാർശ്വഫലമുണ്ടോ എന്ന് അറിയൂ.

അലോപ്പതി ഡോക്ടറായിരുന്ന ഹാനിമാൻ അതിൽ മനം മടുത്താണ് ഹോമിയോ കണ്ടുപിടിച്ചതെന്ന് ശ്രീനിവാസൻ പറയുന്നുണ്ട്.

അത് ശരിയാണു കേട്ടോ. സാമുവൽ ഹാനിമാൻ ഹോമിയോപ്പതി കണ്ടുപിടിക്കുന്നത് 1796 ലാണ്. അന്ന് വൈദ്യശാസ്ത്രം മുറിവുണ്ടാക്കി രക്തം കളയുന്നപോലത്തെ പ്രാകൃത ചികിൽസകളാണു നടത്തിക്കൊണ്ടിരുന്നത്. ആധുനികം എന്ന് പോലും വിളിച്ചൂടാ.

അവിടെനിന്ന് ആധുനിക വൈദ്യശാസ്ത്രം വളർന്നു. സിങ്കോണ മരത്തിൻ്റെ തൊലി തനിക്ക് മലേറിയയുടെ ലക്ഷണങ്ങൾ ഉണ്ടാക്കിയതുകൊണ്ടാണ് ഹനിമാൻ ” സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു ” എന്ന സിദ്ധാന്തം ഉണ്ടാക്കിയത്.

പക്ഷേ സിങ്കോണയുടെ തൊലിയിലെ ക്വിനൈൻ എന്ന പദാർഥമാണ് മലേറിയയ്ക്ക് മരുന്നാവുന്നതെന്നും അതിൻ്റെ ഡോസ് എത്രയാവണമെന്നും ആധുനിക വൈദ്യശാസ്ത്രം പഠിച്ചു. അതിനെക്കാൾ മികച്ച മലേറിയ മരുന്നുകളും കണ്ടുപിടിച്ചു. അത്രേയുള്ളൂ വ്യത്യാസം.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം…

ലേഖനത്തിൻ്റെ അവസാനം ശ്രീനിവാസൻ ഒരു വാചകം പറഞ്ഞതായി എഴുതിയിട്ടുണ്ട്.

താൻ വലിയ ആശുപത്രികളിൽ പോവുന്നത് അവിടത്തെ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാണെന്നും ഇനിയും പോവുമെന്നും മരുന്നുകൾ കടലിൽ എറിയണമെന്ന നിലപാടിൽ മാറ്റമൊന്നുമില്ലെന്നുമാണ് അത്.

അവിടെ ഒരു ചെറിയ പ്രശ്നമുണ്ട്. ഒന്നാമത് അത് ഇരട്ടത്താപ്പാണ്. രണ്ടാമത്തെ പ്രശ്നം ശ്രീനിവാസന് വലിയ ആശുപത്രികളിൽ ചികിൽസ തേടാൻ കഴിവുണ്ട്.

അതിനു സാധിക്കാത്ത, പാവപ്പെട്ട, അസുഖം മൂർച്ഛിച്ചാൽ മറ്റ് മാർഗങ്ങളില്ലാത്ത സാധാരണക്കാർ ഇവിടെയുണ്ട്.

അവർക്ക് അസുഖമുണ്ടാവാതിരിക്കാനാണ് ശ്രീ ശ്രീനിവാസൻ, ഇക്കണ്ട ആരോഗ്യപ്രവർത്തകരും സംവിധാനങ്ങളുമെല്ലാം ഉറക്കമൊഴിക്കുന്നത്..

Comments are closed.