കുന്നംകുളത്ത് തുറക്കുളം മത്സ്യ മാര്‍ക്കറ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ അഴുകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു.

കുന്നംകുളം: കുന്നംകുളത്ത് തുറക്കുളം മത്സ്യ മാര്‍ക്കറ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ അഴുകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ ഇവ പിടിച്ചെടുത്തത്.കുന്നംകുളത്തെ തുറക്കുളം മാര്‍ക്കറ്റില്‍ ലോക് ഡൗണ്‍ നിയമവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മത്സ്യ ലേലവും മത്സ്യ വിപണനവും നടക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് കുന്നംകുളം നഗരസഭാ സെക്രട്ടറി കെ കെ മനോജിന്റെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം തുടക്കളം മാര്‍ക്കറ്റില്‍ രാവിലെ പരിശോധനകള്‍ നടത്തി ഇതുപോലെ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. മാംഗ്ലൂരില്‍ നിന്നും മറ്റും കൊണ്ടു വരുന്ന മത്സ്യങ്ങളാണ് ഇവിടെ ലേലം ചെയ്ത് വിപണനം നടത്തിയിരുന്നത്. ഇതിനെതിരെ പരാതി വന്ന സാഹചര്യത്തിലാണ് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു കൊണ്ട് നടപടികള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്ന് മത്സ്യം പിടിച്ചെടുത്ത നടപടിക്കെതിരെ നഗരസഭ ഭരണ സമിതിയും കുന്നംകുളത്തെ പാര്‍ട്ടി സംവിധാനവും പരസ്യമായി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് മന്ത്രി എ സി മൊയ്തീന്‍ ഇടപെട്ടുകൊണ്ടാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ടായത്. കൊച്ചിയില്‍ നിന്നും കൊണ്ടുവന്ന ഒരു വണ്ടി മത്സ്യമാണ് പിടിച്ചെടുത്തത്. 48 വലിയ പെട്ടികളില്‍ ആയി ഫോര്‍മാലിനും ഐസുമിട്ട് സൂക്ഷിച്ച നിലയിലായിരുന്നു മത്സ്യങ്ങള്‍. ചൂര, കുടുത, തെമ്മാന്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട വലിയ മത്സ്യങ്ങളാണ് അഴുകിയ നിലയില്‍ എത്തിയിരുന്നത്. ഇത് ലേലം കൊള്ളുവാനും വില്‍പ്പനക്കുമായി ചില്ലറ കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരും തുറക്കുളം മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു. മത്സ്യം പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇത് കസ്റ്റഡിയിലെടുത്തത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ജില്ലാ ഓഫീസര്‍ കെ കെ അനിലന്‍, പി ആര്‍ രാജി,, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ പി എ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൃത്യമായി രേഖയോ അനുബന്ധ പേപ്പറുകളോ ഇല്ലാതെയാണ് കൊച്ചിയില്‍ നിന്നും മത്സ്യം കുന്നംകുളത്ത് വിപണനത്തിനായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത മത്സ്യങ്ങള്‍ കുന്നംകുളം നഗരസഭക്ക് കൈമാറി. നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവ കുറുക്കന്‍ പാറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ പ്രത്യേക കുഴി നിര്‍മ്മിച്ച് അതിലിട്ട് മൂടുകയായിരുന്നു.
Comments are closed.