“ഞാനും എന്റെ നാടും സ്ട്രോങാണ് ” കോവിഡിലും പതറാതെ കോട്ടയം.
കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് 19 +ve റിപ്പോർട്ട് ചെയ്ത കോട്ടയം ഗ്രാമ പഞ്ചായത്ത് ഇന്ന് ജില്ലയിൽ ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ഒന്നാണ്. അതീവ ജാഗ്രതയിലാണ് പഞ്ചായത്ത് അധികൃതരും സന്നദ്ധ വളണ്ടിയർമാരും.
പഞ്ചായത്തിലെ കുറച്ചു വീടുകളിൽ ഹോം കോറന്റൈൻ സംവിധാനവും,
നൂറു കണക്കിനാളുകൾ സ്വയം ഗാർഹിക നിരീക്ഷണത്തിലുമാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ പഞ്ചായത്ത്
പ്രസിഡണ്ടാണെങ്കിൽ ഒരു വനിതയും. 2015 ലാണ് ടി.ഷബ്ന പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. തനിക്കു കീഴിൽ കഴിഞ്ഞ 4 വർഷക്കാലം പ്രദേശത്ത് കൊണ്ടുവന്ന മാറ്റങ്ങളും പ്രവർത്തനങ്ങളും ജില്ലയിലെ തന്നെ മികച്ച പഞ്ചായത്തുകളിലൊന്നായി കോട്ടയത്തെ മാറ്റിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും യാതൊരു പ്രയാസവും ഇല്ലാതെ തന്നെ അവർ തുറന്നു പറയുന്നു “ഞാനും എന്റെ നാടും സ്ട്രോങാണ്.. ” ദുർഘടം പിടിച്ച ഓരോ നിമിഷത്തിലും തലയിലെ തട്ടം മുഖാവരണമാക്കി മാറ്റി പ്രതിസന്ധികളെ മുന്നിൽ നിന്ന് നയിക്കുന്ന പ്രസിഡണ്ടും ഭരണ സമിതിയും അവർക്ക് പിന്നിൽ അണിനിരന്ന സന്നദ്ധ പ്രവർത്തകരും
കോട്ടയം പഞ്ചായത്തിലെ സാധാരണ ജനങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രദേശത്ത് കമ്മ്യൂണിറ്റി കിച്ചൺ സൗകര്യത്തിനോടൊപ്പം ആംബുലൻസ് സൗകര്യം, ‘ഷീ’ ടാക്സി സർവീസ്, ഹെൽപ്പ് ലൈൻ കോൾ സെന്ററുകൾ തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 രോഗത്തെ മുഴുവനായും തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനത്തിലാണെന്നും അതിനു വേണ്ടിയുള്ള മുഴുവൻ സജ്ജീകരണങ്ങളും പഞ്ചായത്തിനു കീഴിൽ ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Comments are closed.