1470-490

അഴീക്കോട് മത്സ്യമാർക്കറ്റ് പ്രവർത്തനം; ആലോചനായോഗം ചേർന്നു


അഴീക്കോട് മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ യോഗം ചേർന്നു. സംസ്ഥാന സർക്കാർ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നതിന് അനുവാദം നൽകിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതും സർക്കാർ നിരോധനം ഏർപ്പെടുത്തിയതുമായ മത്സ്യം മാർക്കറ്റിൽ വിൽക്കേണ്ട എന്ന് തീരുമാനിച്ചു. പല പ്രദേശങ്ങളിലായി ചെറിയ വഞ്ചിക്കാർ മത്സ്യം വിൽക്കുന്നത് നിരുത്സാഹപ്പെടുത്തും. എല്ലാ വഞ്ചിക്കാരും മത്സ്യ മാർക്കറ്റിൽ മാത്രം മത്സ്യ വിൽപ്പന നടത്തണം. മാർക്കറ്റിൽ വിൽക്കുന്ന മത്സ്യം അഴുകിയതും കേടുവന്നതുമല്ലെന്ന് വിൽപ്പനക്കാർ ഉറപ്പ് വരുത്തണം. കൊടുങ്ങല്ലൂർ പോലീസ്, അഴീക്കോട് കോസ്റ്റൽ പോലീസ്, ആരോഗ്യ വകുപ്പ്, ഫിഷറീസ് വകുപ്പുകളുൾപ്പെടുന്ന സംയുക്ത ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണോ മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടറെ യോഗം ചുമതലപ്പെടുത്തി.
തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കൈതവളപ്പിൽ, മത്സ്യഫെഡ് ഡയറക്ടർ സി കെ മജീദ്, കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യമൊത്ത വിതരണക്കാർ, കടലോര ജാഗ്രതാ സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.