1470-490

വത്സല മടങ്ങി…. നഗരസഭയുടെ അഗതിമന്ദിരത്തിൽ നിന്നും മകളോടൊപ്പം

 നഗരസഭ ചെയർപേഴ്‌സൻ എം. രതി, വൈസ് ചെയർമാൻ അഭിലാഷ്. വി. ചന്ദ്രൻ എന്നിവർ വത്സലയെ യാത്രയാക്കുന്നു


ഗുരുവായൂർ: ‘സന്തോഷം ഒക്കെ ഉണ്ട് ന്നാലും ഇത്ര ദിവസം കൂടെ ഉണ്ടായിരുന്നവരെ വിട്ട് പോകുമ്പോൾ ചെറിയ വിഷമം തോന്നുന്നുണ്ട്…..  നഗരസഭയുടെ അഗതി മന്ദിരത്തിൽ നിന്നും മകളോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ വത്സല നിറ കണ്ണുകളോടെ പറഞ്ഞു.
   കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രനടയിൽ ഒറ്റപ്പെട്ട് പോയ വലപ്പാട് സ്വദേശിനി വത്സലയെ നഗരസഭ അധികൃതരുടെ നിർദ്ദേശപ്രകാരം ഐ.സി.ഡി.എസ് പ്രവർത്തകരാണ് അഗതിമന്ദിരത്തിൽ നഗരസഭ ആരംഭിച്ച താൽക്കാലിക ക്യാമ്പിൽ എത്തിച്ചിരുന്നത്.
    മനസ്സിൽ കാര്യമായ ദുഃഖം വരുമ്പോൾ ക്ഷേത്രത്തിൽ പോകുന്നത് വത്സലയുടെ പതിവായിരുന്നു. അങ്ങിനെ ഒരു ദിവസമാണ് കണ്ണനെ കാണുവാൻ ഗുരുവായൂരിലെത്തിയത്. ദർശനം ഒക്കെ കഴിഞ്ഞപ്പോഴാണ് യാത്രയും മറ്റും സാധ്യമാകാത്ത ഘട്ടം ഉണ്ടായത് അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ക്ഷേത്രനടയിൽ ഇരിക്കുമ്പോൾ ഐ.സി.ഡി.എസ് പ്രവർത്തകർ എത്തി. പിന്നെ അവർക്കൊപ്പം അഗതിമന്ദിരത്തിലേയ്ക്ക്. അഗതിമന്ദിരത്തിലെത്തിയതും മകളെ വിളിച്ച് വിവരമറിയിച്ചു.
   ചെറുപത്തിൽ ഭർത്താവിനൊപ്പം ദുബായിലായിരുന്ന വത്സലയെ അവിടെ വച്ച് ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. പിന്നീട് പലരുടെയും സഹായത്താൽ നാട്ടിലെത്തുകയായിരുന്നു. വിദേശത്ത് പോകും മുൻപ് തന്നെ ഉണ്ടായിരുന്ന വീട് വിറ്റിരുന്നു. അതിനാൽ മടങ്ങിയെത്തിയ ശേഷം സ്വന്തം കുടുംബ വീട്ടിലായിരുന്നു താമസം. വത്സലയ്ക്ക് മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്. കഷ്ടപ്പെട്ട് മക്കളെ വളർത്തി അവരെയൊക്കെ ഒരു കരയിൽ എത്തിച്ചെങ്കിലും മക്കളോടൊപ്പം താമസമില്ല.
  ഗൾഫിലായിരുന്ന ഇളയ മകളും ഭർത്താവും നാട്ടിലെത്തിയപ്പോൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിലായി. ഇവർക്കാണെങ്കിൽ കൂട്ടുകുടുംബമാണ്. നിരീക്ഷണഘട്ടം കഴിഞ്ഞതോടെ വളരെ വേഗത്തിൽ ഒരു വാടക വീട് തരപ്പെടുത്തിയ ശേഷം ഇരുവരും പോലീസിനെയും നഗരസഭ അധികൃതരെയും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് വത്സലയെ മകളോടൊപ്പം നഗരസഭ അധികൃതർ അയച്ചത്.
   ‘അമ്മ ഇടയ്ക്ക് വിളിക്കും നഗരസഭയുടെ സംരക്ഷണത്തിൽ എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസമായിരുന്നു….’ മകൾ പറഞ്ഞു….
തിരികെ പോകുമ്പോൾ സന്തോഷമൊക്കെ തോന്നുന്നുണ്ടോ എന്ന ഹെൽത്ത് ഇൻസ്‌പെക്ടർ രജിത്ത് കുമാറിന്റെ ചോദ്യത്തിന് മുൻപിൽ വത്സല അല്പം ആശയക്കുഴപ്പത്തിലായി. ‘സന്തോഷം ഒക്കെ ഉണ്ട് ന്നാലും ഇത്ര ദിവസം കൂടെ ഉണ്ടായിരുന്നവരെ വിട്ട് പോകുമ്പോൾ ചെറിയ വിഷമം തോന്നുന്നുണ്ട്. എന്തായാലും ഇവിടെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ എന്നെ പരിചരിച്ചു നേരത്തിന് ഭക്ഷണം, വസ്ത്രം, ചികിത്സ അതിലുപരി നിറയെ സ്‌നേഹം ഒക്കെ തന്നു എല്ലാവർക്കും നന്ദി….’  നിറഞ്ഞ കണ്ണുകളോടെ വത്സല പറഞ്ഞ് നിർത്തി.
   നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചെയർപേഴ്‌സൻ എം. രതി, വൈസ് ചെയർമാൻ അഭിലാഷ്. വി. ചന്ദ്രൻ, വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ എന്നിവരുമായി അല്പനേരം വീട്ടുകാര്യങ്ങളൊക്കെ പങ്കുവെച്ചു. തുടർന്ന് അഗതിമന്ദിരം ചുമതലക്കാരൻ പി.കെ.ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എസ് സുബീഷ്, അഗതിമന്ദിരം അന്തേവാസികൾ എന്നിവർ ചേർന്ന് മകളും മരുമകനും കൊണ്ടുവന്ന വാഹനത്തിൽ വത്സലയെ യാത്രയാക്കി.

Comments are closed.