1470-490

തീരദേശമേഖലയിൽ ഫിഷ് മാർക്കറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നു


സംസ്ഥാനത്ത് പരമ്പരാഗത മത്സ്യയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നൽകിയതോടെ തീരദേശമേഖലയിൽ മത്സ്യമാർക്കറ്റുകൾ സജീവമാകുന്നു. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വിൽപന നടത്തുവാൻ അനുമതി ലഭിച്ചതോടെ പതിമൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഴീക്കോട് ഫിഷ് മാർക്കറ്റ് തുറന്നു. കോവിഡ് 19 സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടക്കാരും തൊഴിലാളി സംഘടനകളുമായി ആലോചിച്ച് മാർക്കറ്റ് അടക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴിലും ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലാ കളക്ടർ എസ് ഷാനവാസ് വിളിച്ച് ചേർത്ത യോഗത്തിലെ നിർദ്ദേശങ്ങളനുസരിച്ചാണ് മാർക്കറ്റ് തുറന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിച്ചത്. സാധാരണ മുന്നൂറോളം കച്ചവടക്കാർ എത്തിയിരുന്ന മാർക്കറ്റിൽ 28 പേർ മാത്രമാണ് കച്ചവടത്തിനെത്തിയത്. കടലോര ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഓരോരുത്തർക്കും ടോക്കൻ കൊടുത്താണ് മാർക്കറ്റിൽ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു മാർക്കറ്റിൽ പ്രവർത്തനം. തിരക്ക് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ്, പോലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥർക്കാണ് ചുമതല.

Comments are closed.