1470-490

കോവിഡ് 19 പ്രവർത്തനങ്ങളുടെ ‘ശ്രീ’ വർധിപ്പിച്ച് കുടുംബശ്രീ


തൃശൂർ: കോവിഡ് 19 ലോക്ക് ഡൗൺ കാലത്തെ ജില്ലയിലെ പ്രതിരോധ പ്രവർത്തങ്ങളിൽ എല്ലാ മേഖലയിലും സാന്നിധ്യം ഉറപ്പാക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. ‘വയോജന ക്യാമ്പയിൻ’ ‘ഇന്നലെകളിലേക്ക് ഒരു യാത്ര’ എന്നിവയാണ് കുടുംബശ്രീയുടെ മുഖ്യപരിപാടികൾ
ലോക്ക് ഡൗൺ കാലഘട്ടം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി ജില്ലയിലെ വയോജന അയൽക്കൂട്ട അംഗങ്ങൾക്ക് വയോജന ക്യാമ്പയിന് തുടക്കംകുറിച്ചു. വയോജനങ്ങൾ തങ്ങളുടെ ജീവചരിത്രമോ ആത്മകഥയോ അനുഭവകുറിപ്പുകളോ എഴുതി ഏപ്രിൽ 15 നകം എ.ഡി.എസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുക്കണം. ഏപ്രിൽ 25നകം അനുഭവക്കുറിപ്പുകളുടെ ഒറിജിനൽ കോപ്പി അതത് സി.ഡി.എസ്സുകളിൽ എത്തിക്കുകയും വേണം. ഇത്തരത്തിൽ ലഭിക്കുന്ന കുറിപ്പുകൾ സി.ഡി.എസുകൾ ശേഖരിച്ച് വിധി നിർണയം നടത്തി സമ്മാനങ്ങൾ നൽകും. കുറിപ്പുകൾ പഞ്ചായത്ത് തലത്തിൽ പുസ്തകമായി പ്രസിദ്ധീകരിക്കും. ഏകാന്തതയ്ക്ക് ഒരു പരിധി വരെ തടയിടുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈ കാലവും കടന്നു പോകും ഈ ഓർമ്മകൾ എന്നും നിലനിൽക്കും എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഈ ക്യാമ്പയിനിലൂടെ സാധിക്കും.
കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് വിവിധ തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന 751 പേർക്ക് സ്നേഹിതാ ജൻഡർ ഹെൽപ് ഡെസ്‌ക്, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ മുഖേന കൗൺസിലിങ് സേവനം നൽകി. ഇതുവരെ 39 കുടുംബ പ്രശ്നങ്ങൾ, 39 മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 132 ക്വറന്റൈനിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട കൗൺസിലിങ്, 10 കൗമാരക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ, 18 ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 376 സ്നേഹിതാ കോളിങ്ബെൽ പിന്തുണ സ്വീകർത്താക്കൾക്കായുള്ള കൗൺസിലിങ്, 146 വയോജനങ്ങൾക്കായുള്ള കൗൺസിലിങ് എന്നിങ്ങനെ കൗൺസിലിങ് സേവനം നൽകി. ഇതിന്റെ ഫോളോഅപ്പുകളും തുടരുന്നു.
സ്നേഹിതാ കോളിങ്ബെല്ലിലൂടെ സ്വീകർത്താക്കൾക്കുള്ള പിന്തുണയും നൽകുന്നു.കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നുമുള്ള ഭക്ഷണം ആവശ്യമായ സ്വീകർത്താക്കൾക്ക് എത്തിച്ചു നൽകുന്നു. അത് അവർക്ക് ലഭ്യമാകുന്നുണ്ടോ എന്ന് കമ്മ്യൂണിറ്റി കൗൺസിലർമാർ വഴി ഉറപ്പുവരുത്തുന്നു. ഇവർക്കാവശ്യമായ മരുന്ന് വീടുകളിൽ ആരോഗ്യ പ്രവർത്തകർ മുഖേന എത്തിച്ചു നൽകുന്നു. ജന മൈത്രി പോലീസുമായി സഹകരിച്ച് സ്വീകർത്താക്കൾക്കായി ഭക്ഷണ കിറ്റ് വിതരണം നടത്തി. 376 പിന്തുണ സ്വീകർത്താക്കൾക്ക് കമ്മ്യൂണിറ്റി കൗൺസിലർമാർ ടെലി കൗൺസിലിങ് നൽകി. സന്നദ്ധ സേന വളണ്ടിയർമാർ, രജിസ്ട്രേഷൻ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുൾപ്പെടെ 1361 പേരെ സന്നദ്ധ സേന വളണ്ടിയർമാരായി പോർട്ടലിൽ രജിസ്റ്റർ ചെയ്തു.
കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്നമനട, ആളൂർ എന്നീ പഞ്ചായത്തുകളിൽ കുട്ടിക്കൂട്ടം, മിന്നാമിന്നിക്കൂട്ടം എന്നീ പേരുകളിൽ ബാലസഭാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. 450 ഓളം ബാലസഭാ കൂട്ടുകാർ അതിൽ അംഗങ്ങളാണ്. കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള ഒരു വേദിയായി ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ഓരോ ദിവസവും വിവിധ മേഖലകളിൽ ഉള്ള വിദഗ്ധരെ ഗ്രൂപ്പിൽ അംഗമാക്കി കുട്ടികൾക്ക് സംവദിക്കാൻ അവസരമൊരുക്കുന്നു. ബാലകൃഷിക്കും സൗകര്യമൊരുക്കികൊണ്ട് ഈ ലോക്ക് ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കുകയാണ് ബാലസഭാ കൂട്ടുകാർ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി എഴുനൂറോളം കുട്ടികൾ ഇതിനോടകം തന്നെ ബാലകൃഷി ആരംഭിച്ചു കഴിഞ്ഞു. വയോജന ക്ഷേമം ഉറപ്പ് വരുത്തുന്നതിലും കുടുംബശ്രീയുണ്ട്. ജില്ലയിലെ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട 9919 വയോജനങ്ങളുടെ ക്ഷേമാന്വേഷണം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആർപിമാരുടെ സഹായത്തോടെ മൂന്നു ദിവസം കൂടുമ്പോൾ നടത്തുന്നു.
ജില്ലയിലെ ട്രൈബൽ ഊരുകളിൽ നേരിൽ പോകാൻ കഴിയുന്ന എല്ലാ ഊരുകളിലും കൊറോണ വൈറസിനെ സംബന്ധിച്ചുള്ള ബോധവത്കരണം അനിമേറ്റർമാർ മുഖേന നൽകിയിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പ് ട്രൈബൽ ഡെവലപ്മെന്റ് വകുപ്പും ആരോഗ്യവകുപ്പുമായി ചേർന്ന് ഊരുകളിൽ വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി.
കുന്നംകുളം പ്രദേശത്ത് ക്യാമ്പുകളിൽ കഴിയുന്ന 318 അതിഥി തൊഴിലാളികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സാനിറ്റൈസറും വിവിധ ഭാഷകളിലുള്ള ലഘുരേഖകളും വിതരണം ചെയ്തു. സമൂഹ അടുക്കളയിലേക്ക് പലതരത്തിലുള്ള പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ , കറി പൗഡറുകൾ , മറ്റു അവശ്യ സാധനങ്ങൾ അയൽക്കൂട്ടങ്ങൾ /സംരഭക ഗ്രൂപ്പുകളിൽ നിന്ന് നൽകാൻ സാധിച്ചു. 235 സംഘകൃഷി ഗ്രൂപ്പുകൾ വഴി 1895.5 കിലോ പച്ചക്കറികൾ സൗജന്യമായി അതാത് പ്രദേശത്തെ സമൂഹ അടുക്കളയിലേക്ക് എത്തിച്ചു.
സാന്ത്വനം ടീമിന്റെ സഹായത്തോടെ ഹാൻഡ്വാഷ് വിതരണം ചെയ്തു. പൊയ്യ പഞ്ചായത്തിലെ ജീവനം എം ഇ ഗ്രൂപ്പ് വഴി 55 ബോട്ടിൽ സാനിറ്റൈസർ പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രം, മറ്റ് സർക്കാർ ഓഫീസുകൾ, നിരീക്ഷണത്തിലിരിക്കുന്നവർ എന്നിവർക്ക് നൽകാനും സാധിച്ചു. മണലൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സംരംഭമായ വിന്നേഴ്സ് കെമിക്കൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 200 എം എല്ലിന്റെ 50 ഹാൻഡ് വാഷ് പഞ്ചായത്തിലേക്കും, അടുത്ത വീടുകളിലേക്കുമായി സൗജന്യമായി വിതരണം ചെയ്തു. വരവൂർ സിഡിഎസിലെ 77 കാരിയായ ചന്ദ്രിക തനിക്ക് ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളും, ചവിട്ടി, ഫ്ളവർവെയ്സ്, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ ഉണ്ടാക്കി മറ്റുള്ളവർക്ക് മാതൃകയാവുകയാണ്.
വെള്ളാങ്കല്ലൂർ സിഡിഎസിന്റെ നേതൃത്വത്തിൽ വീടുകളിലേക്ക് അവശ്യ സാധനങ്ങൾ ഓർഡർ പ്രകാരം ഹോം ഡെലിവറി നടത്തുന്നുണ്ട്. പുത്തൂർ പഞ്ചായത്തിലെ സംരംഭ യൂണിറ്റായ കാര്യാട്ട് ഫുഡ് പ്രൊഡക്ട്സിന്റെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന കുടുംബങ്ങൾക്ക് കറി പൗഡറുകളും, ഫ്ലോർ പൗഡറുകളും സൗജന്യമായി വിതരണം ചെയ്തു. കൂടാതെ സമീപ പ്രദേശത്തെ വീടുകളിലേക്ക് 100 ബോട്ടിൽ സാനിറ്റൈസർ സൗജന്യമായി നൽകി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സപ്ലൈകോയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി 12000 ഭക്ഷ്യ ധാന്യ കിറ്റുകൾ തയ്യാറാക്കുന്നതിലും നൂറോളം കുടുംബശ്രീ പ്രവർത്തകരുടെ സേവനമുണ്ടായിരുന്നു.

Comments are closed.