1470-490

കോവിഡ് 19 പ്രതിരോധത്തിന് ഇനി അണുനാശക തുരങ്കകവാടങ്ങളും


തൃശൂർ: കോവിഡ് 19 വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം അണുനാശക തുരങ്കകവാടങ്ങൾ (സാനിറ്റൈസർ ടണൽ) ഒരുക്കി. ആദ്യഘട്ടത്തിൽ ശക്തൻ മാർക്കറ്റ്, ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഹൈപ്പൈ ക്ലോറേറ്റ് മിശ്രിതം പുകമഞ്ഞ് പോലെ കടത്തിവിട്ട് അണുവിമുക്തമാക്കുന്ന പ്രവേശന കവാടങ്ങൾ സ്ഥാപിച്ചത്. തുരങ്കസമാനായ കവാടത്തിലൂടെ കടന്നുപോകുമ്പോൾ പോകുന്നയാളിന്റെ ദേഹത്ത് അണുനാശിനി പുകമഞ്ഞ് പോലെ മൂടി ആളിനെ മൊത്തം അണുവിമുക്തമാക്കുന്നതാണ് അണുനാശക തുരങ്കത്തിന്റെ പ്രവർത്തനം. ശക്തൻ മാർക്കറ്റിലും ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിക്കുന്നവർ ഇനി മുതൽ ഈ കവാടത്തിലൂടെ കടന്നുവേണം പോകാൻ. ചാവക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികൾ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും അണുനാശക തുരങ്ക കവാടം ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്. ശക്തൻ മാർക്കറ്റിലെ തുരങ്കകവാടം കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ ചൊവ്വാഴ്ച (ഏപ്രിൽ 7) യാണ് തുരങ്ക കവാടം ഒരുക്കിയത്. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡിഎംഒ ഡോ. കെ ജെ റീന, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ജില്ലാ ജനറൽ ആശുപത്രിയിലെ അണുനാശക തുരങ്കകവാടം സന്ദർശിച്ചു.

Comments are closed.