1470-490

കോവിഡ് 19: വയറൂട്ടി, മനം നിറച്ച് സാമൂഹിക അടുക്കളകള്‍


മലപ്പുറം: സാമൂഹിക അകലത്തിന്റെ കാലത്തും ലോകത്തിന് മാതൃകയായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക അടുക്കളകള്‍. കോവിഡിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തെ പ്രാദേശിക സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യക്കാരിലേക്ക് നേരിട്ട് ഭക്ഷണമെത്തിക്കുകയാണ് സാമൂഹിക അടുക്കളകളിലൂടെ. അതത് ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല. തദ്ദേശ സ്ഥാപനങ്ങള്‍ വളണ്ടിയര്‍മാരുടെ സഹായത്താല്‍ ഭക്ഷണപ്പൊതി ആവശ്യക്കാരിലെത്തിക്കും. വീടിന് പുറത്തിറങ്ങാതെയും വരി നില്‍ക്കാതെയും ആവശ്യക്കാരനെ തേടി ഭക്ഷണപ്പൊതി എത്തിക്കുന്നതിലൂടെയാണ് സാമൂഹിക അടുക്കള അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്നത്.
അഗതികള്‍, അവശ വിഭാഗക്കാര്‍, നിത്യരോഗികള്‍, ഭിന്നശേഷിക്കാര്‍, അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള ഭക്ഷണമാണ് സാമൂഹിക അടുക്കളകള്‍ വഴി വിതരണം ചെയ്യുന്നത്. കൂടാതെ വീടുകളില്‍ പോകാനാകാതെ ലോഡ്ജുകളിലും മറ്റുമായി കഴിയുന്നവര്‍ക്ക് 20 രൂപ മാത്രം വാങ്ങിയും ഭക്ഷണം എത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം 109 സാമൂഹിക അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ വഴി ഇതുവരെ 4,80,950 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. 25,867 പേര്‍ക്ക് പ്രാതലും 3,42,307 പേര്‍ക്ക് ഉച്ചഭക്ഷണവും 1,12,776 പേര്‍ക്ക് അത്താഴവും സാമൂഹിക അടുക്കളകളില്‍ നിന്ന് നല്‍കി.
ഇന്നലെ (ഏപ്രില്‍ 07) ഗ്രാമ പഞ്ചായത്തുകളില്‍ 1,950 പേര്‍ക്ക് പ്രാതലും 18,873 പേര്‍ക്ക് ഉച്ച ഭക്ഷണവും 6,859 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ പ്രാതല്‍ 351 പേര്‍ക്കും ഉച്ചഭക്ഷണം 4,189 പേര്‍ക്കും അത്താഴം 1,151 പേര്‍ക്കും വളണ്ടിയര്‍മാര്‍ മുഖേന വിതരണം ചെയ്തു.

Comments are closed.