ബ്ലാക്ക് മേൻ: മന്ത്രിയോട് പരാതിപ്പെട്ട വനിതാ മാധ്യമ പ്രവർത്തകയുടെ വീടിന് നേരെ ആക്രമണം.

എരുമപ്പെട്ടി: ബ്ലാക്ക് മേൻ എന്നപേരിൽ സാമൂഹിക വിരുദ്ധർ ജനങ്ങളെ ഭയപ്പെടുത്തുന്നതിനെതിരെ മന്ത്രിയോട് പരാതി പറയുകയും വാർത്ത നൽകുകയും ചെയ്ത മാധ്യമ പ്രവർത്തകയുടെ വീടിന് നേരെ ആക്രമണം. വീട്ടിലെ വാട്ടർ ടാങ്കിൻ്റെ പൈപ്പ് കുത്തി പൊളിച്ചു.യുവതി വിവരമറിയിച്ചിട്ടും ഒരു കിലോമീറ്റർ അകലം മാത്രമുള്ള സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയത് ഒരു മണിക്കൂർ കഴിഞ്ഞ്.
ടി.സി.വി എരുമപ്പെട്ടി ബ്യൂറോ സബ് റിപ്പോർട്ടർ കെ.ആർ.രാധികയുടെ കരിയന്നൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്.ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. വീടിൻ്റെ പുറകിലുള്ള വാട്ടർ ടാങ്കിൻ്റെ പൈപ്പാണ് കുത്തി പൊളിച്ചിരിക്കുന്നത്.ഇതിന് ശേഷം തൊട്ടടുത്ത വീടിൻ്റെ ജനലിൽ തട്ടി ഇയാൾ ഓടിമറഞ്ഞു.ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ ആളുടെ നിഴൽ കണ്ടതായി പറയുന്നു.രാധികയും മകൻ രാഹുലും മാത്രമാണ് വീട്ടിലുള്ളത്.മൂന്ന് ദിവസം മുമ്പ് കരിയന്നൂരിൽ ബ്ലാക്ക് മേനെന്ന പേരിൽ വീടുകളുടെ വാതിലിൽ തട്ടി സാമൂഹിക വിരുദ്ധർ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു.സംഭവത്തെ കുറിച്ച് രാധിക മന്ത്രി എ.സി. മൊയ്തീനോട് പരാതി പറയുകയും മന്ത്രിയുടെ നിർദേശപ്രകാരം പോലീസ് മേഖലയിൽ പരിശോധന കർശനമാക്കുകയും ചെയ്തു.ഇതിനെ തുടർന്ന് മേഖലയിൽ രണ്ട് ദിവസം അനിഷ്ട സംഭവങ്ങളില്ലാതെ ശാന്തമായിരുന്നു.ഇതിനെ കുറിച്ച് വാർത്ത നൽകുകയും ചെയ്തു. എന്നാൽ പൊലീസ് പരിശോധനയിൽ അയവ് വരുത്തിയ സാഹചര്യത്തിലാണ് രാധികയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.സംഭവം നടന്നയുടൻ പോലീസ് സ്റ്റേഷനിൽ രണ്ട് തവണ രാധിക വിളിച്ചറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല.പിന്നീട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് വിളിച്ചപ്പോഴാണ് പൊലീസ് വരാൻ തയ്യാറായത്.എരുമപ്പെട്ടി പ്രസ് ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറിയാണ് രാധിക. ഒരു വനിത സഹായത്തിനായി വിളിച്ചപോൾ വരാൻ തയ്യാറാകാതിരുന്ന എരുമപ്പെട്ടി പോലീസിനെതിരെ ആഭ്യന്തര മന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് രാധിക അറിയിച്ചു.സംഭവത്തിൽ എരുമപ്പെട്ടി പ്രസ് ക്ലബ്ബും പരാതി നൽകും.
Comments are closed.