1470-490

തൃശൂർ ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗത്തിൽ

കോവിഡ് മുൻകരുതലുകൾക്കിടയിലും ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗം പുരോഗമിക്കുന്നു. കോൾ പാടശേഖരങ്ങളിൽ 4000 ഹെക്ടർ കൊയ്ത്ത് ഇതിനകം പൂർത്തിയായി. മറ്റ് പാടശേഖരങ്ങളടക്കം 13000 ഹെക്ടറിലെ കൊയ്ത്തും കഴിഞ്ഞിട്ടുണ്ട്. ഇനി കൊയ്യാനുള്ളത് 6000 ഹെക്ടർ പാടം. ജില്ലയിൽ 1,23000 ടൺ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിരിപ്പ്, രണ്ടാംവിള, കോൾ എന്നീ നിലങ്ങളിലെ ആകെ കണക്കാണിത്. ഇതിൽ ഒരു ലക്ഷം ടൺ നെല്ല് സപ്ലൈകോ വഴി സംഭരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 39757 ടൺ സപ്ലൈകോ ഇതുവരെയായി സംഭരിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് കൊയ്ത്തും നെല്ല് സംഭരണവും അവശ്യസർവീസായി പ്രഖ്യാപിച്ചതും അതു കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിച്ചതുമാണ് പ്രതിസന്ധിയെ മറകടക്കാൻ ജില്ലയെ തുണച്ചത്. 77 യന്ത്രങ്ങളാണ് ജില്ലയിൽ നെല്ല് കൊയ്യുന്നത്. അരിമ്പൂർ പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്. 18 പടവുകളിലായി 1101 ഹെക്ടറിലാണ് അവിടെ കൃഷിയിറക്കിയത്. 6893 ഹെക്ടറിലാണ് ഇനി കൊയ്യാനുള്ള പാടശേഖരങ്ങൾ. ഏപ്രിൽ അവസാനത്തോടെ 80 ശതമാനം നെല്ലും വിളയുമെന്നാണ് പ്രതീക്ഷ. മെയ് രണ്ടാംവാരത്തോടെ ബാക്കിയുള്ള പാടങ്ങളും കൊയ്ത്തിന് തയ്യാറാകും.
107 കോടി മൂല്യമുള്ള നെല്ലാണ് കോവിഡ് കാലത്ത് സപ്ലൈകോ സംഭരിച്ചത്. പരാതികൾ ഒന്നുമില്ലാതെയാണ് സംഭരണം സുഗമമായി മുന്നേറുന്നതെന്ന് സപ്ലൈകോ പാഡി ഓഫീസർ അറിയിച്ചു. കൊയ്ത്തു നടക്കുന്ന വേളയിൽ തന്നെ യഥാസമയം മില്ല് അനുവദിച്ച് കിട്ടുന്നത് കൊണ്ട് കൊയ്ത്തു കഴിഞ്ഞ് നെല്ല് വൃത്തിയാക്കുമ്പോൾ തന്നെ സംഭരണം തുടങ്ങാൻ സാധിക്കുന്നു. നെല്ല് പാടത്ത് ദിവസങ്ങളോളം കിടക്കേണ്ടി വരുന്നില്ല. കർഷകർ അപേക്ഷകൾ യഥാസമയം അതത് കൃഷി ഭവനിലും തുടർന്ന് കൃഷി ഓഫീസർമാരുടെ ശുപാർശയോട് കൂടി സംഭരണ ഓഫീസിലും എത്തിക്കുന്നത് ഇതിന് വളരെയധികം സഹായകമാകുന്നു. പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഈ രണ്ട് സ്ഥാപനങ്ങളും ജോലികൾ പൂർത്തീകരിക്കുന്നത്. കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് ഇതിന് കാരണം. വളരെ തൃപ്തികരമായ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരു കിലോ നെല്ലിന് 26 രൂപ 95 പൈസ വില ലഭിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നൽകുന്ന 18.15 രൂപക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന 8.80 രൂപ കൂടി ഉള്ളതുകൊണ്ടാണ് ഈ വില ലഭിക്കുന്നത്. കർഷകരുടെ അക്കൗണ്ടിൽ നേരിട്ടാണ് തുക ലഭിക്കുക. ജില്ലയിൽ നെല്ല് സംഭരണത്തിനായി സപ്ലൈകോയുമായി കരാറുള്ള 36 മില്ലുകൾ ഇപ്പോൾ സജീവമായി രംഗത്തുണ്ട്. നെല്ല് കൊയ്തെടുക്കാൻ ജില്ലാ പഞ്ചായത്ത്, കയ്കൊ എന്നിവരുടെ കൈയിൽ 50 ക്‌ളാസ് യന്ത്രങ്ങൾ ഉണ്ട്. 20 കർത്താർ പ്രൈവറ്റ് മെഷീനുകളുമുണ്ട്. കൊയ്ത്ത് വേഗത്തിലാക്കാൻ കർത്താർ മെഷീന് സാധിക്കുമെങ്കിലും ബ്രോക്കർമാർ മുഖേന കൈമറിഞ്ഞു വരുന്നതിനാൽ വാടക കൂടുതലാണ്. നെല്ല് കൊയ്ത് ഠാർപായയിൽ ഇട്ട് തരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ചാക്കിലാക്കി സ്റ്റോക്ക് ചെയ്യണമെങ്കിൽ തുക വേറെ നൽകേണ്ടി വരും. തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പറ്റിയാൽ കൊയ്ത്ത് വേഗത്തിലാക്കാൻ സാധിക്കും. തൊഴിലുറപ്പ് തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി, ഇപ്പോൾ ലഭ്യമാകുന്ന മെഷീൻ ഉപയോഗിച്ച് പാടശേഖരസമിതികളും കർഷകരും മഴക്കാലത്തിന് മുമ്പ് നെല്ല് കൊയ്തെടുക്കാൻ ശ്രമിക്കണമെന്ന് ലെയ്സൻ ഓഫീസർ അഭ്യർത്ഥിച്ചു. സർക്കാരിന്റെ ക്രിയാത്മക ഇടപെടലാണ് ലോക്ക്ഡൗണിലും കൊയ്ത്തും സംഭരണവും സുഗമമായി നടത്താൻ വഴിയൊരുക്കിയത്.


Comments are closed.